12 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ; മദ്യപിച്ച് വാഹനം ഓടിച്ചവർ 84

തൊടുപുഴ: കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ പിടികിട്ടാപ്പുള്ളികളായ 12 പേർ അറസ്റ്റിൽ. മദ്യപിച്ച് വാഹനമോടിച്ചതിന് 84 കേസും 50 അബ്കാരി കേസും ചുമത്തി. എറണാകുളം റേഞ്ച് ഡി.ഐ.ജി ശ്രീനിവാസിന്‍റെ നിർദേശ പ്രകാരമായിരുന്നു പരിശോധന.

ശനി, ഞായർ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചവരെ കൂടാതെ മദ്യവിൽപന, നിരോധിത പുകയില ഉൽപനങ്ങളുടെ വിതരണവും വിൽപനയും ലഹരി ഇടപാടുകാർ എന്നിവരും വലയിലായി. സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കീഴിൽ 0.45 ഗ്രാം എം.ഡി.എം.എ പിടികൂടി. നിരോധിത പുകയില ഉൽപന്നങ്ങളുമായി 16 പേരെ പിടികൂടി. ജില്ലയിൽ പണംവെച്ച് ചീട്ട് കളിച്ചതിന് അഞ്ച് കേസും രജിസ്റ്റർ ചെയ്തു. ഇതോടൊപ്പം വിവിധ കേസിൽ ഉൾപ്പെട്ട് പിടികിട്ടാപ്പുള്ളികളായ 12 പേരെയാണ് അറസ്റ്റ് ചെയ്തത്.

സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ പട്ടികയിലുള്ള 184 പേരെ പരിശോധിച്ചു. ജില്ല അഡീഷനൽ പൊലീസ് സൂപ്രണ്ട് ഡി.എസ്. സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, ജില്ലയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് കേസുകളിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മദ്യപിച്ച് വാഹനമോടിച്ച 19 ഡ്രൈവർമാർക്കെതിരെ നടപടി എടുത്തിരുന്നു. ഏഴ് സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയും 12 സ്വകാര്യ ബസ് ഡ്രൈവർമാരുമാണ് പൊലീസ് പിടിയിലായത്.

ശനി, ഞായർ ദിവസങ്ങളിലെ പരിശോധനയിൽ തൊടുപുഴ മേഖലയിൽനിന്നാണ് മദ്യപിച്ച് വാഹനമോടിച്ച കൂടുതൽ പേരെയും പിടികൂടിയത്. കഴിഞ്ഞ ജനുവരിയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 327 കേസ് എടുത്തിരുന്നു. പൊലീസ് 300 കേസും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം 27 പേരെയുമാണ് മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയത്.

ജില്ലയിൽ പല വാഹനാപകടങ്ങൾക്ക് ശേഷവും വാഹനമോടിച്ചവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. പലപ്പോഴും വാഹനാപകടം നടന്ന് കഴിഞ്ഞ് ആൽക്കഹോള്‍ പരിശോധനയുടെ അഭാവംമൂലം ഇവര്‍ നിയമത്തിന് മുന്നില്‍നിന്ന് രക്ഷപ്പെടുന്ന സാഹചര്യമാണ്.ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വാഹനാപകടത്തില്‍പെട്ട് ആശുപത്രികളില്‍ എത്തിക്കുന്നവര്‍ക്ക് ഇനി ബ്ലഡ് ആൽക്കഹോള്‍ ടെസ്റ്റ് നിര്‍ബന്ധമാക്കാനും ഇതുസംബന്ധിച്ച നിർദേശം ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കാനും കലക്ടര്‍ ഡി.എം.ഒക്ക് ഉത്തരവ് നല്‍കി.

Tags:    
News Summary - 12 criminals arrested; Those who drove under the influence of alcohol 84

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.