മുട്ടം പഞ്ചായത്ത് ബജറ്റ് സമ്പൂർണ കുടിവെള്ള പദ്ധതിക്ക് 3.65 കോടി

മുട്ടം: പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാൻ 3,65,43,000 രൂപ വകയിരുത്തി മുട്ടം ഗ്രാമപഞ്ചായത്ത് ബജറ്റ്​. പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിലാണ്​ അവതരിപ്പിച്ചത്​. പഞ്ചായത്തിലെ മുഴുവൻ ഭൂ-ഭവന രഹിതർക്കും ഭവന നിർമാണത്തിന്​ അരക്കോടി രൂപയും ഇരട്ടവീടുകൾ ഒറ്റവീടുകൾ ആക്കാൻ 40 ലക്ഷം രൂപയും വകയിരുത്തി. ശുചിത്വ മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി ഇൻസിനറേറ്റർ സ്ഥാപിക്കാനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായി 35,08,500 രൂപ വകയിരുത്തി. തൊഴിൽരഹിതർക്ക് കുടുംബശ്രീയുമായി ചേർന്ന് തൊഴിൽ പരിശീലനം സംഘടിപ്പിക്കും. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഷോപ്പിങ്​ കോംപ്ലക്സ് നിർമാണത്തിനും ഫീഡിങ്​ റൂം, വാട്ടർ കൂളർ എന്നിവ സ്ഥാപിക്കാനും 69,50,000 രൂപ നീക്കിവെച്ചിട്ടുണ്ട്​. പഞ്ചായത്ത് സ്റ്റേഡിയം ഇൻഡോർ സ്റ്റേഡിയം ആക്കാനും പുതിയ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമിക്കാനും ബജറ്റ്​ ലക്ഷ്യമിടുന്നു. കാർഷിക, മൃഗ, ക്ഷീര വികസന മേഖലകളിലെ വികസനത്തിനും സംരക്ഷണത്തിനുമായി 36,50,320 രൂപ, തൊഴിലുറപ്പ് പദ്ധതിക്ക്​ 1.50 കോടി, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വികസനത്തിനും ക്ഷേമത്തിനും 26 ലക്ഷം, പട്ടിക ജാതി-വര്‍ഗ വികസനത്തിന്​ 37,65,000 രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്​. പ്രസിഡന്റ് ഷൈജ ജോമോൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അഗസ്റ്റ്യൻ, അരുൺ ചെറിയാൻ പൂച്ചക്കുഴി, ഭരണസമിതി അംഗങ്ങളായ സൗമ്യ സാജബിൻ, ബിജോയി ജോൺ, ജോസ് കടത്തലക്കുന്നേൽ, ടെസി സതീഷ്, കുട്ടിയമ്മ മൈക്കിൾ, റെൻസി സുനീഷ്, റെജി ഗോപി, പഞ്ചായത്ത് സെക്രട്ടറി ഷീബ കെ. സാമുവൽ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.