ആരറിയുന്നു ഇവരുടെ സങ്കടം? (ലോക്കൽ പരമ്പര-2)

-വനംവകുപ്പിൽനിന്ന്​ മുമ്പ് ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന സഹായം നിർത്തലാക്കിയതിന്​ പിന്നാലെയാണ് വന്യജീവി ആക്രമണത്തിന് വഴിതുറന്നുനൽകിയത് പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുകിടക്കുന്ന കോളനികളിൽനിന്ന്​ ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടക്കുന്നതായ സംശയം തുടങ്ങിയിട്ട്​ കാലങ്ങളായി. കൃഷിയും വീടും തകർത്ത് വന്യജീവികൾ കോളനികളിൽ ഭീതിവിതച്ചിട്ടും കാണാത്ത ഭാവംനടിക്കുന്ന വനപാലകരുടെ നടപടി ഈ സംശയം ബലപ്പെടുത്തുന്നു. വന്യജീവി ഭീതിയിൽ ജീവിതം വഴിമുട്ടുന്ന കഥയാണ്​ ഇവിടു​ത്തെ കോളനികൾക്ക്​ പറയാനുള്ളത്​. വനമേഖലയോട് ചേർന്ന ആദിവാസി കോളനികളിൽ 700ലധികം കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടെ ആനയും മ്ലാവും പന്നിയും കാട്ടുപോത്തും ഉൾപ്പെടെ ജീവികളുടെ ശല്യം പതിവായതോടെ ഏക്കർ കണക്കിന് സ്ഥലം കൃഷിചെയ്യാനാവാതെ കാടുപിടിച്ചു. മുമ്പ്​ ആദിവാസി കോളനികളിൽ ഉൽപാദിപ്പിക്കുന്ന ടൺകണക്കിന്​ ജൈവ കുരുമുളക് വിദേശ രാജ്യങ്ങളിലേക്ക് കയറിപ്പോയിരുന്നു. ഇതുവഴി ആദിവാസി കുടുംബങ്ങൾക്കും വനംവകുപ്പിനും ഉണ്ടായ സാമ്പത്തികനേട്ടം ചെറുതല്ല. എന്നാൽ, കഴിഞ്ഞ കുറേ കാലങ്ങളായി ഇതെല്ലാം നശിച്ചു. കൃഷിയിടങ്ങളിലെ വിളകൾ നശിപ്പിച്ചതിനൊപ്പം കുളങ്ങളും കിണറുകളും വന്യജീവികൾ തകർത്തു. കാട്ടാനശല്യം രൂക്ഷമായതോടെ പലരും വീട്​ ഉപേക്ഷിച്ചു. വനംവകുപ്പിൽനിന്ന്​ മുമ്പ് ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന സഹായവും 10 വർഷമായി മുടങ്ങിയിരിക്കയാ​ണെന്ന്​ ആദിവാസികൾ പറയുന്നു. ചികിത്സസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ചടങ്ങുകൾക്ക്​ നൽകിയിരുന്ന 2000 രൂപ എന്നിവയൊന്നും ഇപ്പോൾ ലഭിക്കുന്നില്ല. ഇതെല്ലാം നിർത്തലാക്കിയതിനുപിന്നാലെയാണ് വന്യജീവി ആക്രമണത്തിന് വഴി തുറന്നുനൽകിയത്. കാടും ആദിവാസി കോളനികളും അതിരിടുന്ന പ്രദേശങ്ങളിലെ കിടങ്ങുകളും വൈദ്യുതി വേലികളും വർഷങ്ങളായി നശിച്ചുകിടക്കുകയാണ്​. ഇവയുടെ അറ്റകുറ്റപ്പണിക്കായി വർഷംതോറും വലിയ തുക ചെലവഴിക്കുന്നതായി കണക്കുണ്ടെങ്കിലും ഒന്നും നടക്കാത്തതിന്‍റെ തെളിവാണ് കോളനികളിലെ വന്യജീവിശല്യമെന്ന് ആദിവാസികൾ പറയുന്നു. ആദിവാസി കുടുംബങ്ങളിലെ കുറച്ച് യുവാക്കൾക്ക് വനംവകുപ്പിൽ വാച്ചറായി ജോലി നൽകിയതോടെ വനപാലകരുടെ അനാസ്ഥക്കെതിരെ കുടുംബങ്ങൾക്ക് പ്രതിഷേധിക്കാൻ കഴിയാത്ത അവസ്ഥയുമായി. സുധ, മണികണ്ഠൻ, പൂങ്കൊടി, ചെല്ലപ്പൻ എന്നിവർ വന്യജീവി ശല്യം കാരണം വർഷങ്ങൾക്ക്​ മുമ്പ്​ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി ഉപേക്ഷിച്ചവരിൽ ചിലർ മാത്രം. പഞ്ചായത്തിന്‍റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ച് വീണ്ടും കൃഷിക്കിറങ്ങിയ ശശി ഉൾപ്പെടെ ആദിവാസികൾക്ക് പറയാനുള്ളതും ദുരിതത്തിന്‍റെ കഥകൾ മാത്രം. ഒരു കാലഘട്ടത്തിൽ ഏലവും കാപ്പിയും കരുമുളകും നിറഞ്ഞ് പൊന്നുവിളഞ്ഞ ഭൂമിയിൽ വനപാലകരുടെ അനാസ്ഥ കാരണം കാടുപിടിച്ചു. ഇതിനെതിരെ പ്രതികരിക്കേണ്ട രാഷ്ട്രീയ പാർട്ടികളും നിശ്ശബ്ദരായതോടെ കോളനികളിൽ ആദിവാസികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. (തുടരും) ചിത്രം: TDL Kumali 1 ആദിവാസി കോളനിയിലെ കാടുകയറിയ കൃഷിയിടങ്ങൾ തൊഴിലുറപ്പ്​ തൊഴിലാളികൾ വെട്ടിത്തെളിക്കുന്നു TDL Kumali 2 കാട്ടാന ശല്യത്തെ തുടർന്ന് ഉപേക്ഷിച്ച വീടുകളിലൊന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.