ഓപറേഷൻ ഫോക്കസ്​; കുടുങ്ങിയത്​ 197പേർ

p2 lead * മോട്ടോർവാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പിഴയിട്ടത് 1.6ലക്ഷം തൊടുപുഴ: ജില്ലയിൽ ഓപറേഷൻ ഫോക്കസിൽ കുടുങ്ങിയത്​ 197പേർ. ഏപ്രിൽ നാല് മുതൽ 13 വരെ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്​ ഇത്രയധികം കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്​. ഇവരിൽനിന്ന്​ 1.6ലക്ഷം രൂപ പിഴ ചുമത്തി. വാഹനങ്ങളിലെ അമിതപ്രകാശമുള്ള ലൈറ്റ് ഉപയോഗം മൂലമുള്ള അപകടം തടയുക എന്ന ലക്ഷ്യത്തിലാണ്​ ഓപറേഷന്‍ ഫോക്കസ് എന്ന പേരിൽ പ്രത്യേക പരിശോധന തുടങ്ങിയത്​. തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയും പരിശോധിച്ചു​. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ്​ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുന്നവര്‍ക്കും പിഴയിട്ടു. ക്രമക്കേടുകള്‍ കണ്ടെത്തിയ വാഹനങ്ങളില്‍നിന്ന് അനധികൃത ലൈറ്റുകള്‍ ഇളക്കിമാറ്റാന്‍ ഉടമ തന്നെ പണം ചെലവഴിക്കണം. ശേഷം രജിസ്റ്ററിങ് അതോറിറ്റി മുമ്പാകെ ഹാജരാകണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷനടക്കം റദ്ദാക്കണമെന്നാണ്​ നിർദേശം. അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന അലങ്കാര ലൈറ്റുകളും ചില വാഹനങ്ങളിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത ഹെഡ്‌ലൈറ്റുകള്‍, ബ്രേക്ക്, ഇന്‍ഡിക്കേറ്റര്‍, പാര്‍ക്ക് സൈറ്റുകള്‍ എന്നിവയും റോഡ് സുരക്ഷക്ക്​ കനത്ത ഭീഷണിയാണ്. ഇതിന് പുറമെയാണ് വാഹനങ്ങള്‍ കത്തിനശിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പരമാവധി അലങ്കാര ലൈറ്റുകളും ഓഡിയോ, വിഡിയോ ഉപകരണങ്ങളും ഉള്‍പ്പെടുത്താന്‍വേണ്ടി ബാറ്ററികളിലും വരുത്തുന്ന അനധികൃത മാറ്റങ്ങളാണ് വാഹനങ്ങള്‍ കത്തിയുള്ള അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്​. റോഡുകളിൽ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി തുടരുമെന്നും അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.