മറയൂരിൽ 108 ആംബുലൻസ്​ സേവനം 12 മണിക്കൂറാക്കി ചുരുക്കി

മറയൂര്‍: ആംബുലൻസ്​ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ കുറവാണെന്ന്​ ചൂണ്ടിക്കാട്ടി മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ആംബുലന്‍സിന്‍റെ പ്രവർത്തനസമയം രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കി. ഇതോടെ, ഇവിടത്തുകാർക്ക്​ രാത്രി അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സിന്‍റെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. രണ്ട് ഷിഫ്റ്റായി രണ്ട് ഡ്രൈവര്‍മാര്‍, രണ്ട് സ്റ്റാഫ് ടെക്‌നീഷ്യന്‍ എന്നിവരാണ് 108 ആംബുലന്‍സില്‍ ജീവനക്കാരായിട്ടുള്ളത്. 48 ആദിവാസി കോളനികളും പിന്നാക്ക വിഭാഗത്തില്‍പെട്ട ഒട്ടേ​​റെപ്പേരുമുള്ള മറയൂരില്‍ ഇപ്പോഴും മതിയായ ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രി ഇല്ല. വിദഗ്​ധചികിത്സക്കായി ഇപ്പോഴും അടിമാലി താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കേണ്ടത്. ഭൂരിഭാഗംപേരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ്. രാത്രികാലങ്ങളില്‍ ആവശ്യമുണ്ടായാല്‍ സ്വകാര്യ ആംബുലന്‍സിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. റോഡരികിലെ പൊന്തക്കാട്​ വെട്ടിനീക്കൽ പ്രഹസനമെന്ന്​ മറയൂർ: റോഡ് വശങ്ങളിൽ പൊന്തക്കാടുകൾ വെട്ടിത്തെളിക്കുന്നത്​ പ്രഹസനമാകുന്നതായി പരാതി. പൂർണമായും വെട്ടിമാറ്റാതെ അങ്ങിങ്ങായി പ്രയോജനമില്ലാത്ത രീതിയിലാണ് ജോലി നടക്കുന്നത്. മറയൂർ മുതൽ ചിന്നാർ വരെ 15 കിലോമീറ്ററിലാണ് ഇപ്പോൾ തെളിക്കുന്നത്. കരിമുട്ടി മുതൽ ചിന്നാർ വരെ കൊടുംവളവും മലഞ്ചെരിവുമായ റോഡാണ്. സംസ്ഥാനാന്തര പാത-17 എന്ന് പറയപ്പെട്ടാലും വനപാതയായതിനാൽ വീതി കുറവുമാണ്. വീതികൂട്ടാൻ വനംവകുപ്പിന്‍റെ തടസ്സമുണ്ട്. വർഷങ്ങളായുള്ള വീതിയിലാണ് ടാറിങ്. വശങ്ങളിൽ പൊന്തക്കാടുകൾ വളർന്ന് പന്തലിച്ചുനിൽക്കുന്നു. അന്തർ സംസ്ഥാന പാതയായതിനാലും വിനോദസഞ്ചാര കേന്ദ്രമായതിനാലും ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്​. വർഷംതോറും വെട്ടിമാറ്റാൻ പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. എന്നാൽ, കാര്യക്ഷമമായി നീക്കംചെയ്യാതെ എളുപ്പത്തിൽ പണിതീർത്ത് ക്രമക്കേട് നടത്തുകയാണ് കരാറുകാരനെന്നാണ്​ നാട്ടുകാരുടെ ആരോപണം. ഇതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും പറയുന്നു. ഈ റോഡിൽ ജെല്ലിമലക്ക് സമീപം റോഡിലെ ഒരുവശം ഇടിഞ്ഞുതാഴുന്നുണ്ട്​. ഇവിടെ അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ എ. രാജ അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടിയുണ്ടായില്ല. ചിത്രം: വെട്ടിനീക്കിയതായി അവകാശപ്പെടുന്ന ചിന്നാർ റോഡരികിലെ പൊന്തക്കാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.