അരീപ്ലാവിൽ ഫിനാൻസിന്‍റെ ലൈസൻസ് റദ്ദാക്കി

മുട്ടം: തൊടുപുഴയിലെ പലിശ സ്ഥാപനമായ അരീപ്ലാവിൽ ഫിനാൻസിയേഴ്സിന്‍റെ ലൈസൻസ് റദ്ദാക്കി. കൊള്ളപ്പലിശയും ക്രമവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി കുളമാവ് പൊലീസ്​ ഇൻസ്പക്ടർ സുനിൽ തോമസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി വകുപ്പ് നടപടിയെടുത്തത്. മൂന്നുമാസം മുമ്പ്​ പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ലൈസൻസ് റദ്ദാക്കി ജി.എസ്.ടി വകുപ്പ് ഉത്തരവിറക്കിയത്. ഫിനാൻസ് ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെ (49) കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ജി.എസ്.ടി വകുപ്പ് നടപടി വേഗത്തിലാക്കിയത്. ഇയാളുടെ സ്ഥാപനത്തിൽനിന്ന്​ പലിശക്ക് പണംവാങ്ങിയശേഷം കേസുകളിൽപെട്ട സത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലവിൽ അഞ്ച്​ കേസുകളാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കുളമാവ് പൊലീസ്​ അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസിലാണ് റിമാൻഡിലായത്. രണ്ടാമതൊരു കേസിലും വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി കേസുകളിൽ വരും ദിവങ്ങളിൽ അറസ്റ്റുണ്ടാകും. ഇയാളിൽനിന്ന്​ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിന്​ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന്​ പൊലീസ്​ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സ്ഥാപത്തിന്‍റെ പവർ ഓഫ് അറ്റോർണിയായ മേലുകാവ് സ്വദേശിനിയും ഉടൻ അറസ്റ്റിലാകുമെന്നാണ്​ വിവരം. ഇവരാണ് സ്ഥാപനത്തിൽനിന്ന്​ പണം വായ്​പയെടുത്തവർക്കെതിരെ വ്യാജ പരാതി നൽകിയത്. 10വർഷം മുമ്പ്​ തൊടുപുഴയിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സിബി ചുരുങ്ങിയ കാലത്തിനുള്ളിലാണ് കോടിപതിയായി മാറിയത്. ജി.എസ്.ടി വകുപ്പിന് നൽകിയ കണക്ക്​ പ്രകാരം 11 കോടിയുടെ ആസ്തിയുണ്ടെന്ന് പറയുന്നു. എന്നാൽ, ഇയാൾ നൽകിയിരിക്കുന്ന ചെക്ക് കേസുകൾ പ്രകാരം 30കോടിയോളം രൂപയിലധികം ആസ്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.