കുമളി: മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തിൽ ആദ്യന്തം ജില്ല ഭരണകൂടം ഏർപ്പെടുത്തിയത് മികച്ച സുരക്ഷാ ക്രമീകരണങ്ങൾ. ജില്ല കലക്ടർ ഷീബ ജോർജിന്‍റെ നേതൃത്വത്തിലാണ് ഒരുക്കം നടത്തിയത്. ക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതലയുള്ള എ.ഡി.എം ഷൈജു പി. ജേക്കബിന്‍റെ നേതൃത്വത്തിലുള്ള സംഘം അതിരാവിലെ മുതൽ ക്ഷേത്രപരിസരത്ത് എത്തി ഉത്സവ ഒരുക്കം വിലയിരുത്തി. ഭക്തർ എത്തുന്നതിനുമുമ്പ് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കി. പൂജ ഒരുക്കങ്ങളുടെയും ഭക്തർക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങളും വിലയിരുത്തി. 115 ഓളം ഉദ്യോഗസ്ഥ പ്രതിനിധികൾ അടങ്ങുന്ന റവന്യൂ സംഘത്തെയാണ് ചിത്രാ പൗർണമി ഉത്സവത്തിൽ നിയോഗിച്ചിരുന്നത്. ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരായി രണ്ട് ഡെപ്യൂട്ടി കലക്ടർമാർ, എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരായി ആറ് തഹസിൽദാർമാർ കലക്ടറേറ്റ്, ഇടുക്കി ആർ.ഡി.ഒ ഓഫിസ്, പീരുമേട് താലൂക്ക് ഓഫിസ്, കുമളി വില്ലേജ് ഓഫിസുകളിലെ ജീവനക്കാരെയാണ് നിയോഗിച്ചത്. ഇതിൽ പ്രത്യേക പരിശീലനം ലഭിച്ച ക്വിക്ക് റെസ്പോൺസ് ടീം അംഗങ്ങളെയും ക്ഷേത്രപരിസരത്ത് നിയോഗിച്ചിരുന്നു. മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉൾപ്പെടെ കുമളി പി.എച്ച്.സിയിലെ 21 അംഗ മെഡിക്കൽ ടീമാണ് ക്ഷേത്ര പരിസരത്ത് സേവനം നൽകിയത്. ഐ.സി.യു ആംബുലൻസ് ഉൾപ്പെടെ നാല് ആംബുലൻസിന്‍റെ സേവനം ലഭ്യമാക്കിയിരുന്നു. ഡോക്ടർമാരും ഉണ്ടായിരുന്നു. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ഒന്നാം ഗേറ്റ്, കൊക്കരക്കണ്ടം, കരടിക്കവല, ഒന്നാം പാലം, രണ്ടാം വളവ്, യൂക്കാലി വളവ്, ബ്രാൻഡി പാറ, മംഗളാദേവി അമ്പലം, മംഗളാദേവി ലോവർ തുടങ്ങി 13 പോയന്‍റുകളിൽ 200ഓളം ജീവനക്കാരെ നിയോഗിച്ചിരുന്നു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു, അസിസ്റ്റൻഡ് ഫീൽഡ് ഡയറക്ടർ സുഹൈബ് പി.ജെ, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ, പമ്പ റേഞ്ച് ഓഫിസർ അജയഘോഷ്, തേക്കടി റേഞ്ച് ഓഫിസർ അഖിൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ഇടുക്കി അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ കെ.വി. ജോയിയുടെ നേതൃത്വത്തിൽ 13 ഉദ്യോഗസ്ഥർ രണ്ട് സ്ഥലത്തായി സേവനം ലഭ്യമാക്കി. ഇവിടെ മൂന്ന് വാഹനവും പ്രത്യേക പരിശീലനം ലഭിച്ചവരെയും നിയോഗിച്ചിരുന്നു. ഫുട്ബാൾ പരിശീലന ക്യാമ്പ് തൊടുപുഴ: സമ്മർ ഫുട്ബാൾ ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് തിങ്കളാഴ്ച ആരംഭിക്കും. മൂന്നാർ, ബൈസൺവാലി എന്നിവിടങ്ങളിലാണ് സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10ന് സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പൊട്ടൻകാട്ടിലും (ബൈസൺവാലി പഞ്ചായത്ത്), വൈകീട്ട് മൂന്നിന് ഹൈ ആൾട്ടിട്ട് ട്രെയ്നിങ് സെന്‍റർ മൂന്നാറിലും (കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് എതിർവശം) തൊടുപുഴ സോക്കർ സ്കൂളിന്‍റെ നേതൃത്വത്തിൽ ആയിരിക്കും സെലക്ഷൻ ട്രയൽസ് നടത്തുന്നത്. അഞ്ചുമുതൽ 17 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷനിൽ പങ്കെടുക്കാം. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് തൊടുപുഴ സോക്കർ സ്കൂളിലേക്ക് സെലക്ഷൻ ലഭിക്കും. ഫോൺ: 9446986234, 9645774050.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.