തൊടുപുഴ: വിസ്മൃതിയിലേക്ക് തള്ളിക്കളയാതെ പഴമയുടെ തനിമയും പ്രാധാന്യവും തിരിച്ചറിഞ്ഞ് ഒരുപറ്റം കര്‍ഷകരെ അണിനിരത്തി സംഘടിപ്പിച്ച വിത്തുല്‍പന്ന പ്രദര്‍ശന-വിപണനമേള ശ്രദ്ധേയമായി. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച വിത്തുത്സവത്തോട് അനുബന്ധിച്ച് തൊടുപുഴ ടൗണ്‍ ഹാളില്‍ സജ്ജീകരിച്ച സ്റ്റാളുകളാണ് അപൂർവതയുടെ കലവറയായത്. സ്വന്തം കൃഷിയിടത്തില്‍ ഉല്‍പാദിപ്പിച്ച് സംരക്ഷിക്കുന്നത് മുതല്‍ ഒരുകൂട്ടം കര്‍ഷകരുടെ ഒരുമിച്ചുള്ള സംരംഭങ്ങള്‍ വരെ മേളയിൽ എത്തിയിരുന്നു. സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും അപൂര്‍വ ഇനങ്ങള്‍ വാങ്ങാനും നിരവധിയാളുകളും എത്തി. ചേമ്പുകളുടെ അപൂർവ ശേഖരവും ഒട്ടനവധി മരുന്നുചെടികളുമായാണ് പെരുവന്താനം പാലൂര്‍ കാവില്‍നിന്ന് ജോസ് എന്ന കര്‍ഷകന്‍ എത്തിയത്. ജോസിൻെറ സ്റ്റാളില്‍ കുടമലരന്‍ ചേമ്പ്, കറുത്ത കണ്ണന്‍ചേമ്പ്, കുള ചേമ്പ്, താമര കണ്ണന്‍, ആറ്റുകണ്ണന്‍, മിസോറാം, കുടവാഴ ചേമ്പ്, പിണ്ഡാളന്‍, കണ്ണന്‍, മുട്ട, ചെമ്പന്‍, പൊടി തുടങ്ങി നിരവധി ഇനത്തിലുള്ള ശേഖരം തന്നെയുണ്ട്. കാട്ടുനെല്ല്, പീനീസ് പയര്‍, അരിച്ചോളം, കടല പയര്‍, പോളന്‍പയര്‍ തുടങ്ങിയ വിത്തുകള്‍ വേറെയും. കോവിലൂര്‍ വട്ടവട സെന്തില്‍കുമാറും സംഘവും എത്തിയത് ശീതകാല വിളകളുമായാണ്. കട്ടപ്പന, മൂന്നാര്‍ മേഖലകളിൽനിന്ന് കര്‍ഷകര്‍ എത്തിച്ച കിഴങ്ങ് വര്‍ഗങ്ങളും ശ്രദ്ധേയമായി. 15 രാജ്യങ്ങളില്‍നിന്നുള്ള 24 വ്യത്യസ്ത ഇനം ആപ്പിള്‍ തൈകളാണ് വലിയ തോവാള ബിജുമോന്‍ ആന്‍റണിയുടെ മിറാക്കിള്‍ ഫാം ഹൗസിൻെറ വിഭവങ്ങള്‍. അടിമാലി കൊരങ്ങാട്ടി പുളിയന്‍മാക്കല്‍ ജോണ്‍ എത്തിയത് 51 വ്യത്യസ്ത ഇനം നെല്ലുമായാണ്. വിവിധതരം കുരുമുളക് തൈകളും ഉണ്ടായിരുന്നു. തനത് വിത്തിനങ്ങളുടെ സംരക്ഷക കര്‍ഷകരെ ആദരിക്കല്‍, വിത്ത് കൈമാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍, പരമ്പരാഗത ഗോത്ര കലാവിരുന്ന് എന്നിവയും സംഘടിപ്പിച്ചിരുന്നു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ് അധ്യക്ഷതവഹിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് അംഗം ഡോ. കെ.സതീഷ് കുമാര്‍, പഞ്ചായത്ത് അസോ. ജില്ല പ്രസിഡന്‍റ് എം. ലതീഷ് എന്നിവര്‍ സംസാരിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി. ഗോവിന്ദന്‍ സ്വാഗതവും ജില്ല കോഓഡിനേറ്റര്‍ വി.എസ്. അശ്വതി നന്ദിയും പറഞ്ഞു. : TDL Vithulsavam സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിത്തുത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശന-വില്‍പന മേള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.