ആ അരി കുട്ടികൾക്ക്​ കഴിക്കാം

തൊടുപുഴ: ജില്ലയിലെ അംഗൻവാടികൾ വഴി കുട്ടികൾക്ക്​ വിതരണം ചെയ്ത അരി ഭക്ഷ്യയോഗ്യമെന്ന്​ പരിശോധന റിപ്പോർട്ട്​. കാക്കനാട്​ റീജനൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ്​ കഴിഞ്ഞദിവസം പുറത്തുവന്നത്​. അരിയുടെ ഗുണനിലവാരം സംബന്ധിച്ച്​ പരാതി ഉയർന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ്​ ഇടപെട്ട്​ സാമ്പിളുകൾ ശേഖരിച്ച്​ പരിശോധനക്ക്​ അയക്കുകയായിരുന്നു. ഫുഡ്​​ കോർപറേഷൻ ഓഫ്​ ഇന്ത്യയാണ്​ (എഫ്​.സി.ഐ)​ ജില്ലയിലെ അംഗൻവാടികളിലേക്കും സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുമുള്ള അരി വിതരണം ചെയ്യുന്നത്​. വൈറ്റമിനും ധാതുക്കളും കൂടുതലടങ്ങിയ ഫോർട്ട്​ഫൈഡ്​ അരിയാണ്​ വിതരണത്തിനെത്തിച്ചതെന്നും വൈറ്റമി‍ൻെറയും ധാതുക്കളുടെയും സാന്നിധ്യം മൂലം ഈ അരിയിൽ പൊടിയുടെ അംശം കൂടുതലായിരുന്നു എന്നും ഭക്ഷ്യസുരക്ഷ അധികൃതർ പറയുന്നു. പൊടിയുടെ അംശം കൂടുതൽ കണ്ടതിനാൽ അരി പഴകിയതാണെന്ന്​ പലരും സംശയം ഉന്നയിച്ചു. ഗുണനിലവാരമില്ലാത്ത അരിയാണ്​ അംഗൻവാടികൾ വഴി വ്യാപകമായി വിതരണം ചെയ്യുന്നത്​ എന്നായിരുന്നു ആക്ഷേപം. ചിലർ അരിയുടെ സാമ്പിളുകളുമായി നേരിട്ട്​ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തു. തുടർന്ന്​, മൂന്ന്​ സാമ്പിളുകൾ ശേഖരിച്ച്​ കാക്കനാട്​ റീജനൽ ലാബിലേക്ക്​ പരിശോധനക്ക്​ അയച്ചു. ജില്ലയുടെ എല്ലാ ഭാഗത്തും ഒരേ അരിയാണ്​ വിതരണം ചെയ്യുന്നത്​. പരിശോധനക്ക്​ അയച്ച സാമ്പിൾ പീരുമേട്ടിൽനിന്ന്​ ശേഖരിച്ചതായിരുന്നു. അരി​ വേവിക്കുന്നതിന്​ മുമ്പും ശേഷവുമുള്ള നിലവാരം സംബന്ധിച്ച്​ ശാസ്ത്രീയ പരിശോധനയാണ്​ ലാബിൽ നടത്തിയത്​. അരിയിൽ സിന്തറ്റിക്​ നിറം, കൃത്രിമ ഗന്ധം, കീടാണുക്കൾ എന്നിവയുടെ സാന്നിധ്യമുണ്ടോ എന്നതും പഴകിയതാണോ എന്നതുമാണ്​​ പ്രധാനമായും പരിശോധിച്ചത്​. എന്നാൽ, അരിയുടെ ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ലെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.