മടങ്ങിയെത്തുന്നു അവധിക്കാല ക്യാമ്പുകളും കളിചിരികളും

തൊടുപുഴ: കോവിഡ് ആശങ്കകൾക്ക്​ വിരാമം കുറിച്ച്​ അവധിക്കാല ക്യാമ്പുകൾ മടങ്ങിയെത്തുന്നു. കായിക വിനോദങ്ങളും പഠനക്കളരികളുമായി കളം നിറയുകയാണ്​ ജില്ലയിലെ അക്കാദമികളും കായിക സംഘടനകളും. ഏപ്രിൽ ആദ്യത്തിൽ തന്നെ വിവിധ ക്യാമ്പുകൾക്ക്​ തുടക്കമാകും. നീന്തൽ പരിശീലനത്തിനും സൗകര്യമുണ്ട്. ഇടുക്കി ജില്ല സൈക്ലിങ് അസോസിയേഷന്‍റെ നേതൃത്വത്തിൽ രണ്ടുമാസത്തെ അവധിക്കാല കോച്ചിങ് ക്യാമ്പ്​ ഉടൻ നടക്കും. ജില്ല, സംസ്ഥാന മത്സരങ്ങളിലേക്കുള്ള മത്സരാർഥികളെ തയാറാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ക്യാമ്പ്​. 10 വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 9447173843 നമ്പറിൽ പേര്​ രജിസ്റ്റർ ചെയ്യണം. ജില്ല നെറ്റ്ബാൾ അസോസിയേഷന്‍റെ അവധിക്കാല നെറ്റ്ബാൾ കോച്ചിങ് ക്യാമ്പ്​ ഏപ്രിൽ മൂന്നാം വാരത്തോടെ തൊടുപുഴ സെന്‍റ്​ സെബാസ്റ്റ്യൻസ് എച്ച്.എസ് ഗ്രൗണ്ടിൽ ആരംഭിക്കും. രണ്ടാഴ്ചത്തെ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447753482 നമ്പറിൽ ബന്ധപ്പെടണം. ജില്ല അക്വാട്ടിക് അസോസിയേഷന്‍റെ അവധിക്കാല നീന്തൽ പരിശീലനം വണ്ടമറ്റത്ത്​ തുടങ്ങി. ജില്ല ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ്​ ഏപ്രിൽ 18 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അതേസമയം കോവിഡ് പൂർണമായി മാറാത്തതിനാൽ കൂട്ടമായുള്ള പരിപാടികളിൽ പങ്കെടുക്കുമ്പോൾ കുട്ടികൾക്ക്​ കരുതൽ വേണമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. തുല്യത കോഴ്സുകളിൽ ഏപ്രിൽ 10വരെ രജിസ്റ്റർ ചെയ്യാം. തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യത കോഴ്സുകളിൽ അപേക്ഷിക്കാനുള്ള കാലാവധി നീട്ടി. നാലാം തരം, ഏഴാംതരം തുല്യത കോഴ്സുകളിൽ ഏപ്രിൽ 30 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷ ഫീസില്ല. പത്താം തരത്തിനും ഹയർ സെക്കൻഡറിക്കും ഏപ്രിൽ 10വരെ അപേക്ഷിക്കാം. പത്താംതരം തുല്യത കോഴ്സിന് 1850 രൂപയാണ് ഫീസ്.ഹയർ സെക്കൻഡറിക്ക് 2500 രൂപ. പഠിതാക്കൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരത കേന്ദ്രങ്ങൾ മുഖേനയും ഓൺലൈനായും രജിസ്റ്റർ ചെയ്യാം. ഫോൺ: 04862 232294. വൈദ്യുതി കമ്പികളും കേബിളുകളും പൊട്ടിച്ച്​​ തടിലോറികൾ തൊടുപുഴ: അമിതഭാരം കയറ്റിവരുന്ന തടിലോറികള്‍ വൈദ്യുതി കമ്പികളും കേബിളുകളും വ്യാപകമായി പൊട്ടിക്കുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെ ഇടവെട്ടിയിലൂടെ പോയ വിറക് ലോറികള്‍ പ്രദേശത്തെ മുഴുവന്‍ കേബിളുകളും പൊട്ടിച്ചു. മരച്ചില്ല ഒടിച്ച് കടന്നുവന്ന ലോറി അടുത്തുണ്ടായിരുന്ന വൈദ്യുതി കമ്പിയില്‍ ഉടക്കിനിന്നു. ഇത് നീക്കാനായി ലോറിയിലുണ്ടായിരുന്ന അന്തർ സംസ്ഥാന തൊഴിലാളി വാഹനത്തിന് മുകളില്‍ കയറി. കനത്ത മഴ കഴിഞ്ഞ ആസമയം വൈദ്യുതി നിലച്ചിരുന്നതിനാല്‍ അപകടം ഒഴിവായി. ആറ് ടയറുള്ള ലോറികളില്‍ ക്യാബിന്‍ ഉയരം വരെ പരമാവധി 10ടണ്‍ ഭാരം മാത്രമേ കയറ്റാവൂ എന്നാണ് നിയമം. എന്നാല്‍, കാബിനിനും രണ്ടടിയെങ്കിലും ഉയരത്തിലാണ് മിക്ക തടി വാഹനങ്ങളിലെയും ലോഡ്. 14 ടണ്‍ വരെ ഭാരവും കയറ്റും. കേബിളുകള്‍ പൊട്ടിച്ചതിനെതിരെ ലോക്കല്‍ കേബിള്‍ നടത്തിപ്പുകാര്‍ അധികൃതര്‍ക്ക് പരാതിനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.