വന്യമൃഗശല്യം: സൂര്യനെല്ലിയിൽ ദ്രുതകർമ സേനയെ ശക്തിപ്പെടുത്തും

മൂന്നാർ: വന്യമൃഗങ്ങളുടെ ഉപദ്രവം ഒഴിവാക്കാൻ ദ്രുതകർമ സേനയുടെ പ്രവർത്തനം സൂര്യനെല്ലി മേഖലയിൽ ശക്തമാക്കാൻ സർവകക്ഷി യോഗ തീരുമാനം. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാബുവി​ന്‍റെ മൃതദേഹവുമായി സമരം ചെയ്ത നാട്ടുകാർക്കാണ് വനം ഉദ്യോഗസ്ഥർ ഉറപ്പുനൽകിയത്. ബുധനാഴ്ച രാവിലെ പുരയിടത്തിൽ എത്തിയ ആനയുടെ ആക്രമണത്തിലാണ് കൃപഭവനിൽ ബാബു (57) മരിച്ചത്. തുടർന്ന്​ വൈകീട്ട് മൂന്നോടെ നാട്ടുകാർ ചിന്നക്കനാൽ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ തടിച്ചുകൂടുകയും അഞ്ചുമണിക്ക് മൃതദേഹവുമായി സമരം ആരംഭിക്കുകയുമായിരുന്നു. മൂന്നാർ ഡിവൈ.എസ്​.പി കെ.ആർ. മനോജ്, ദേവികുളം റേഞ്ച് ഓഫിസർ അരുൺ മഹാരാജ്, ഡി.എഫ്.ഒ എന്നിവർ സ്ഥലത്തെത്തി ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് രാത്രി ഒമ്പതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയാറായത്. ചിന്നക്കനാൽ, സൂര്യനെല്ലി, സിങ്കുകണ്ടം, 301 കോളനി എന്നിവിടങ്ങളിൽ ദ്രുതകർമ സേനയുടെ സാന്നിധ്യം ഉറപ്പാക്കാനാണ്​ തീരുമാനം. ഇവർ ആനയുടെ സാന്നിധ്യം കണ്ടെത്തി അത് ഒഴിവാക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് 50,000 മുതൽ ഒരുലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകും. കൂടുതൽ ചർച്ചകൾക്ക്​ ഈമാസം ഒമ്പതിന് ജാഗ്രത സമിതി യോഗം ചേരാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ബാബുവിന്‍റെ മൃതദേഹം വ്യാഴാഴ്ച രാവിലെ 10ന് മുട്ടുകാട് പള്ളി സെമിത്തേരിയിലാണ്​ സംസ്കരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.