പാഴ്​വസ്തുവല്ല, എല്ലാം ശ്രേയക്ക്​ കാൻവാസ്​

അടിമാലി: പാഴ്​വസ്തുക്കളിൽ കരവിരുതും വർണങ്ങളിൽ വിസ്മയവും ഒരുക്കി നാടിന്‍റെ ശ്രദ്ധ നേടുകയാണ്​ ശ്രേയ എന്ന കൊച്ചുകലാകാരി. ചുമരിലെ ചിത്രങ്ങളില്‍ വര്‍ണം പകര്‍ന്നും പാഴ് വസ്തുക്കള്‍, കുപ്പികള്‍, തുണികള്‍ എന്നിവയില്‍ കലാചാതുര്യം തെളിയിച്ചും ഈ എട്ടാംക്ലാസുകാരി കാഴ്ചക്കാരുടെ മനംകവരുന്നു. പണിക്കന്‍കുടി ഗവ. ഹൈസ്‌കൂൾ വിദ്യാർഥിനിയായ ശ്രേയ മുനിയറ പാറക്കല്‍ സുഗതന്‍റെയും ഇന്ദുവി​ന്‍റെയും മകളാണ്. ബോട്ടില്‍ ആര്‍ട്ട്, അക്രിലിക് പെയിന്‍റിങ്​, ഫാബ്രിക് പെയിന്‍റിങ്​, വാട്ടര്‍ കളര്‍ എന്നിവയെല്ലാം ഈ കൊച്ചുമിടുക്കിക്ക് അനായാസം വഴങ്ങും. കോവിഡ് കാലത്താണ് വർണങ്ങളുടെയും കരവിരുതിന്‍റെയും ലോകത്ത്​ ശ്രേയ ശ്രദ്ധകേന്ദ്രീകരിച്ചത്​. നൂറോളം കുപ്പികള്‍ ബോട്ടില്‍ ആര്‍ട്ടിലൂടെ മനോഹരമാക്കി. മുതിര്‍ന്ന കലാകാരന്മാരുടേതിനെക്കാൾ മനോഹരമായ പെയിന്‍റിങ്ങുകള്‍ക്കൊപ്പം ചുരിദാര്‍ ടോപ്പ്, ബനിയന്‍ എന്നിവയിലും മനോഹരമായ ചിത്രപ്പണികൾ നടത്താന്‍ ശ്രേയക്കറിയാം. തുണികളില്‍ പൂക്കള്‍ തുന്നിച്ചേര്‍ത്തും ആകർഷകമാക്കുന്നു. ശ്രേയയും പത്താം ക്ലാസുകാരനായ സഹോദരന്‍ രാഹുലും ചേർന്നാണ്​ വീടിന്‍റെ രണ്ടുമുറികള്‍ പെയിന്‍റ്​ ചെയ്തത്​. പഠനത്തിലും മിടുക്കിയായ ശ്രേയക്ക് ഈ വര്‍ഷം യു.എസ്.എസ് സ്‌കോളര്‍ഷിപ്പും ലഭിച്ചു. പിതാവ്​ സുഗതന്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ്. മാതാവ്​ ഇന്ദു കോതമംഗലം താലൂക്ക് ഓഫിസില്‍ ജോലിചെയ്യുന്നു. ഏകസഹോദരന്‍ രാഹുല്‍ പണിക്കന്‍കുടി ഗവ. സ്‌കൂൾ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രോത്സാഹനമാണ്​ കലയിൽ തന്‍റെ കരുത്തെന്ന്​ ശ്രേയ പറയുന്നു. സ്‌കൂൾ അധികൃതരും നാട്ടുകാരുംകൂടി കട്ട സപ്പോര്‍ട്ട് നല്‍കിയതോടെ പഠനത്തോടൊപ്പം പാഴ് വസ്തുക്കളില്‍ കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് ശ്രേയ. വാഹിദ് അടിമാലി ചിത്രങ്ങൾ: TDL Shreya ശ്രേയ TDL craft കുപ്പികളിൽ ശ്രേയയുടെ ബോട്ടിൽ ആർട്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.