ബാലഗ്രാം സഹ. ബാങ്ക്: അഴിമതി ആരോപണം തള്ളി ഭരണസമിതി

നെടുങ്കണ്ടം: ബാലഗ്രാം സര്‍വിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട്​ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമെന്ന്​ ഭരണസമിതി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ യു.ഡി.എഫ് ഭരണസമിതിയുടെ വായ്പ കുടിശ്ശികയായ അഞ്ചു കോടിയിലധികം രൂപ ചോദിച്ചതിന്‍റെ പ്രതിഫലനമാണ് അഴിമതിക്കഥയെന്നും ഇവർ ചൂണ്ടിക്കാട്ടി. നിലവിലെ ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ 10.13 കോടി രൂപ നഷ്ടത്തിലായിരുന്നു. ഈ നഷ്ടം വരുത്തിയത് 2017 സെപ്റ്റംബര്‍ വരെ ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭരണസമിതിയാണ്. മുന്‍ പ്രസിഡന്‍റ്​ ശ്രീമന്ദിരം ശശികുമാറും കുടുംബാംഗങ്ങളും 15 വായ്പയിലായി 31,41,500 രൂപയും ഭരണ സമിതിക്കെതിരെ വാര്‍ത്തസമ്മേളനം നടത്തിയ യശോധരനും കുടുംബാംഗങ്ങളും ബിനാമികളും ചേര്‍ന്ന് 10 വായ്പകളിലായി 16,65,000 രൂപയും കെ.ജെ. ജോസഫും കുടുംബാംഗങ്ങളും ചേര്‍ന്ന് ആറ്​ വായ്പയിലായി 11,38,000 രൂപയും ഉഷാകുമാരിയും കുടുംബാംഗങ്ങളും ഏഴ്​ വായ്പയിലായി 11,43,200 രൂപയും മുകേഷ് മോഹനനും കുടുംബാംഗങ്ങളും നാല്​ വായ്പയിലായി 12,88,800 രൂപയും എ.കെ. തങ്കപ്പനും കുടുംബാംഗങ്ങളും 4,43,000രൂപയും കുടിശ്ശിക വരുത്തിയിട്ടുണ്ട്​. കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. നിലവിലെ ഭരണസമിതി അംഗങ്ങള്‍ക്ക് ആര്‍ക്കും അനധികൃത വായ്പയോ കുടിശ്ശികയോ ഇല്ലെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബാങ്ക്​ ഭരണസമിതി അംഗങ്ങളായ എം.വി. ബാബു, എസ്. മോഹനന്‍, സി.എ. അലിഖാന്‍, പി.സി. മുകുന്ദന്‍, സി. രാജു, സരിത രാജേഷ്, കൃഷ്ണകുമാരി, സിന്ധു സുരേന്ദ്രന്‍ എന്നിവര്‍ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.