P/2 lead package... തൊടുപുഴ: രണ്ട് പ്രളയവും അതിനുശേഷം രണ്ട് വർഷം നീണ്ട കോവിഡ് പ്രതിസന്ധിയും അതിജീവിച്ച് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണർവിലേക്ക്. ജനജീവിതം സാധാരണ നിലയിലായതോടെ വിനോദകേന്ദ്രങ്ങൾ സജീവമായിത്തുടങ്ങി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനും (ഡി.ടി.പി.സി) ഹൈഡൽ ടൂറിസത്തിനും കീഴിലുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്ക് പ്രകടമാണ്. ശനി, ഞായർ ദിവസങ്ങളിലാണ് സഞ്ചാരികൾ കൂടുതൽ എത്തുന്നത്. ശിവരാത്രി അവധിവരെ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. പരീക്ഷകാലമായതിനാൽ മാർച്ചിൽ തിരക്ക് അൽപം കുറഞ്ഞേക്കാം എന്നാണ് വിലയിരുത്തൽ. എങ്കിലും വരും നാളുകൾ വിനോദസഞ്ചാരത്തിനും അനുബന്ധ മേഖലകൾക്കും ഏറെ പ്രതീക്ഷയുള്ളതാകുമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇത് മുന്നിൽകണ്ട് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളും വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിക്കുന്നുണ്ട്. ആനക്കാഴ്ചകളും മൂന്നാറിന്‍റെ കുളിരും അടിമാലി: ഹൈറേഞ്ചിന്‍റെ പ്രവേശന കവാടമായ അടിമാലി, മൂന്നാര്‍, കാട്ടാനകളുടെ നിത്യസാന്നിധ്യമായ ആനക്കുളം എന്നിവിടങ്ങളില്‍ വിനോദസഞ്ചാര മേഖല ഉണര്‍ന്ന് കഴിഞ്ഞു. ഇതിനനുസരിച്ച മാറ്റങ്ങൾ ഈ പ്രദേശങ്ങളിലും പ്രകടമാണ്. മൂന്നാറിൽ പഴയ പ്രതാപകാലത്തിന്‍റെ തിരിച്ചുവരവെന്നോണം കേരളത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള സഞ്ചാരികൾ എത്തിത്തുടങ്ങി. രാജമലയിൽ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ ഇതുവരെയുള്ള കണക്കുപ്രകാരം 45 വരയാടിൻ കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ട്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ ചീയപ്പാറ വെള്ളച്ചാട്ടം, തൊട്ടടുത്ത വാളറ വെള്ളച്ചാട്ടം എന്നിവ കടുത്ത വേനലിനെ തുടര്‍ന്ന് നീരോഴുക്ക് നിലച്ച അവസ്ഥയാണെങ്കിലും മഴ തുടങ്ങുന്നതോടെ ജലസമൃദ്ധമാകും. രാജമലയില്‍ വരയാടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ഉദ്യാനം താൽക്കാലികമായി അടച്ചിരിക്കുകയാണെങ്കിലും മറ്റ് സ്ഥലങ്ങളിൽ സഞ്ചാരികളുടെ തിരക്കുണ്ട്. മൂന്നാറിന്‍റെ തണുപ്പും ആനക്കുളത്തെ കാട്ടാന സാന്നിധ്യവുമാണ് സഞ്ചാരികളെ ഇപ്പോള്‍ ആകര്‍ഷിക്കുന്നത്. പൊന്മുടി, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍ അണക്കെട്ടുകളിലെ ബോട്ട് സവാരികളും മാങ്കുളം പഞ്ചായത്തിലെ വെള്ളച്ചാട്ടങ്ങളും കാണാൻ നിരവധിപേർ എത്തുന്നു. പ്രിയം കുറയാതെ തേക്കടി കുമളി: അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും മാത്രമാണ് ഇപ്പോൾ തേക്കടിയിൽ സഞ്ചാരികളുടെ തിരക്ക്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ തേക്കടി പഴയ തിരക്കിലേക്ക് മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് വ്യാപാര മേഖല. തേക്കടി, കുമളി മേഖലകളിലെ നൂറുകണക്കിന് ഹോം സ്റ്റേകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയെല്ലാം സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കോവിഡിന് മുമ്പ് തേക്കടിയിലെത്തിയിരുന്ന വടക്കേ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ, വിദേശ സഞ്ചാരികൾ എന്നിവയെല്ലാം എണ്ണത്തിൽ കുറവാണെങ്കിലും വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും ഇപ്പോഴെത്തുന്ന സന്ദർശകരിൽ ഏറെയും കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ളവരാണ്. കോവിഡ് ഭീതി ഒഴിഞ്ഞപ്പോൾ റഷ്യ യുദ്ധത്തിനിറങ്ങിയത് വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച്കളിലും അവധി ദിവസങ്ങളിലും വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. മനംകവർന്ന് മലങ്കര മുട്ടം: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലങ്കര ടൂറിസം പ്രദേശം 1800ലധികംപേർ സന്ദർശിച്ചതായാണ് കണക്ക്. ഞായറാഴ്ച മാത്രം 1000ത്തിലധികംപേർ എത്തി. വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് മലങ്കര ഡാമിന്‍റെയും ജലാശയത്തിന്‍റെയും ഭംഗി ആസ്വദിക്കാൻ എത്തിയത്. കോവിഡ് കാലത്ത് 100ഉം 150 സഞ്ചാരികൾ മാത്രമാണ് എത്തിയിരുന്നത്. സഞ്ചാരികൾ കൂടിയതോടെ വ്യാപാര മേഖലയും ഉണർന്നുതുടങ്ങി. മലങ്കര ജലാശയം ജലസമൃദ്ധമാണ്. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം വർധിപ്പിച്ചതാണ് കാരണം. നിറഞ്ഞു തുളുമ്പി നിൽക്കുന്ന ജലാശയവും മലങ്കര ഡാമും ആരുടെയും മനംകവരുന്നതാണ്. കൂടുതൽ സൗകര്യം ഒരുക്കിയാൽ ഇതിനെക്കാൾ പതിന്മടങ്ങ് സഞ്ചാരികൾ ഇവിടേക്ക് എത്തും. കാറ്റിനൊപ്പം കൈകോർത്ത് രാമക്കൽമേട് നെടുങ്കണ്ടം: രാമക്കല്‍മേട്ടിലും ഏതാനും ആഴ്ചകളായി സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. പ്രകൃതിയുടെ വശ്യസൗന്ദര്യവും കാറ്റാടിപ്പാടങ്ങളും കാണാന്‍ ശനി, ഞായര്‍ ദിവസങ്ങളിൽ ശരാശരി 1000 പേര്‍ വീതവും മറ്റ് ദിവസങ്ങളില്‍ 500പേര്‍ വീതവുമാണ് ഇപ്പോൾ എത്തുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്. വരും ദിവസങ്ങളില്‍ കുടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ നാട്ടുകാരില്‍നിന്ന് കേട്ടറിഞ്ഞാണ് ഇവിടെയെത്തുന്നത്. ശക്തമായ കാറ്റും കുത്തനെയുള്ള കൂറ്റൻ പാറയും അഗാധമായ താഴ്‌വാരവും നിലക്കടല പാടങ്ങളുടെയും കൃഷിയിടങ്ങളുടെയും വിദൂര ദൃശ്യങ്ങളും മേഘമലയുമൊക്കെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. താരം ഡാം തന്നെ ചെറുതോണി: ഇടവേളക്കുശേഷം ഇടുക്കി ആർച്ച് ഡാം കാണാനെത്തുന്നവരുടെ തിരക്കും വർധിച്ചു. നിലവിൽ ശനിയും ഞായറും അവധി ദിവസങ്ങളും മാത്രമാണ് സഞ്ചാരികൾക്ക് ഡാമിൽ പ്രവേശനം. ശനിയാഴ്ച അഞ്ഞൂറോളം പേരും ഞായറാഴ്ച ആയിരത്തോളം പേരും ഡാം സന്ദർശിച്ചു. മുതിർന്നവർക്ക് 40ഉം കുട്ടികൾക്ക് 20ഉം രൂപയാണ് ടിക്കറ്റ് നിരക്ക്. വനം വകുപ്പ് ബോട്ട് സർവിസും ഏർപ്പെടുത്തിയിട്ടുണ്ട്. Box മുഖച്ഛായ മാറും ജിതീഷ് ജോസ് (ഡി.ടി.പി.സി സെക്രട്ടറി) കോവിഡ്കാലത്തെ സാഹചര്യം മാറിത്തുടങ്ങി. നിയന്ത്രണങ്ങൾ നീങ്ങിയതോടെ വിദേശ രാജ്യങ്ങളിൽ നിന്നടക്കം സഞ്ചാരികൾ എത്തുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. പരീക്ഷകൾ തുടങ്ങുന്നതിനാൽ വരും ദിവസങ്ങളിൽ താൽക്കാലികമായി തിരക്ക് കുറഞ്ഞേക്കാം. വനിതദിനം പ്രമാണിച്ച് ചൊവ്വാഴ്ച ഡി.ടി.പി.സിയുടെ കീഴിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര മേഖല ഉണർന്നുതുടങ്ങിയ സാഹചര്യത്തിൽ സഞ്ചാരികൾക്ക് മെച്ചപ്പെട്ട വിനോദങ്ങളും സൗകര്യങ്ങളും നൽകുകയാണ് ലക്ഷ്യം. മൂന്നാറിൽ ബൊട്ടാണിക്കൽ ഗാർഡന്‍റെ അടുത്തഘട്ട ജോലി പുരോഗമിക്കുന്നു. ഇത് സമയബന്ധിതമായി പൂർത്തിയാക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മുഖച്ഛായ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിലാക്കും. രാമക്കൽമേട് ആമപ്പാറയിൽ വാച്ച് ടവർ, ടോയ്ലറ്റ് സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കുന്ന നവീകരണ ജോലിക്ക് 96 ലക്ഷം രൂപ അനുവദിച്ച് കിട്ടിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മതിയായ സുരക്ഷ ഒരുക്കും. ബോട്ട് സവാരിയുമായി ബന്ധപ്പെട്ട് അടുത്തിടെ ലൈഫ് ഗാർഡ് പരിശീലനം സംഘടിപ്പിച്ചതായും സെക്രട്ടറി പറഞ്ഞു. ചിത്രങ്ങൾ TDL Thekkadi തേക്കടിയിൽനിന്നുള്ള കാഴ്ച TDL malankara മലങ്കര ടൂറിസം ഹബിലേക്ക് ഞായാറാഴ്ച എത്തിയ സഞ്ചാരികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.