പഞ്ചായത്ത് വൃത്തിയാക്കിതിന്​ പിന്നാലെ ടൗണിലെ ഓടയിൽ മാലിന്യം നിറഞ്ഞു

കുമളി: ടൗണിന്​ പിന്നിലെ വലിയ ഓട ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പഞ്ചായത്ത് അധികൃതർ വൃത്തിയാക്കിയെങ്കിലും ഇതിൽ മാലിന്യം നിറഞ്ഞു. കുമളി ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പിന്നിലൂടെ ഒഴുകി ആനവച്ചാലിലെത്തുന്ന ഓടയാണ് വീണ്ടും മാലിന്യങ്ങളാൽ നിറഞ്ഞത്. ലോക്ഡൗൺ കാലത്താണ് റോസാപ്പൂക്കണ്ടം മുതൽ ആനവച്ചാൽ വരെ നീണ്ട ഓട അധികൃതർ വൃത്തിയാക്കിയത്. ഓടക്കുള്ളിൽനിന്ന്​ ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യവും മണ്ണും ചളിയും നീക്കിയതോടെ ജലം ഒഴുക്ക് സുഗമമായി. എന്നാൽ, ആഴ്ചകൾ പിന്നിട്ടതോടെ തേക്കടി ബൈപാസ് റോഡിലെ ചില വ്യാപാരികൾ, ഇതുവഴി കടന്നുപോകുന്ന നാട്ടുകാർ എന്നിവർ വലിച്ചെറിഞ്ഞ മാലിന്യത്താൽ ഓട വീണ്ടും നിറഞ്ഞു. വർഷങ്ങളായി വൃത്തിയാക്കാതിരുന്ന ഓട ഏറെ ശ്രമകരമായാണ് ശുചീകരിച്ചത്. ഇതേ ഓടക്കുള്ളിലൂടെയാണ് റോസാപ്പൂക്കണ്ടം ഭാഗത്തേക്ക്​ ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. മാലിന്യം നിറഞ്ഞ ജലം ഓടക്കുള്ളിൽ കെട്ടിക്കിടക്കുന്നതുമൂലം ദുർഗന്ധവും കൊതുകുകൾ പെരുകുന്നതും പ്രദേശവാസികൾക്ക് പ്രശ്നമാകുന്നു. തുറന്നുകിടക്കുന്ന ഓടയിലേക്ക് മാലിന്യം ഒഴുകുന്നതും ഇതിലേക്ക് പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നത് തടയാനാവാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണം. അധികൃതർ ഇക്കാര്യത്തിൽ തുടരുന്ന അനാസ്ഥയാണ് ഓടക്കുള്ളിൽ വീണ്ടും മാലിന്യം നിറയാൻ വഴിയൊരുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. Cap: തേക്കടി ബൈപാസ്​ റോഡരികിലെ ഓടയിൽ മാലിന്യം നിറഞ്ഞനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.