അറ്റകുറ്റപ്പണി: വോള്‍ട്ടേജ് ക്ഷാമത്തില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ച്​

നെടുങ്കണ്ടം: കുളമാവില്‍ ടവറിലെ അറ്റകുറ്റപ്പണിമൂലം വോള്‍ട്ടേജ് ക്ഷാമത്തില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ച്. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം രൂക്ഷമായ പ്രതിസന്ധിയിലാണ് കര്‍ഷകരും ഗാര്‍ഹിക ഉപഭോക്താക്കളും. 66, 11 കെ.വി വൈദ്യുതി ലൈനിലൂടെയുള്ള വിതരണത്തോത് കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഹൈറേഞ്ചിലെ തോട്ടം മേഖലയിലെ ജലസേചനവും മുടങ്ങി. 66 കെ.വി ലൈനിലൂടെ നിലവില്‍ എത്തുന്നത് 54 കെ.വി വൈദ്യുതിയും 11 കെ.വി ലൈനിലൂടെ എത്തുന്നത് 9.45 കെ.വി വൈദ്യുതിയും മാത്രമാണ്. ഇതോടെ വോള്‍ട്ടേജ് ക്ഷാമം ഹൈറേഞ്ചില്‍ രൂക്ഷമായി. നെടുങ്കണ്ടം, പാമ്പാടുംപാറ, മാവടി, മഞ്ഞപ്പെട്ടി മേഖലകളിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വോള്‍ട്ടേജ് കുറഞ്ഞതിന് കാരണം കുളമാവിലെ ടവറിന്റെ അറ്റകുറ്റപ്പണി മൂലം 66, 11 കെ.വി ലൈനുകളിലെ വൈദ്യുതി വിതരണ അളവ് കുറച്ചതാണെന്ന് കെ.എസ്.ഇ.ബി പറയുന്നു​. വോൾട്ടേജ്​ കുറഞ്ഞതോടെ മിക്ക വീടുകളിലെയും പല വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തനവും താളം തെറ്റി. സപ്ലൈ കൂടിയും കുറഞ്ഞും എത്തുന്നത് മോട്ടോറുകള്‍ക്ക് തകരാറിനും കാരണമായി. വേനല്‍ കടുത്തതോടെ ചെറുകിട വന്‍കിട തോട്ടങ്ങളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഏലച്ചെടികള്‍ നനക്കുന്നത്. മാത്രവുമല്ല വോള്‍ട്ടേജ് വ്യതിയാനമുണ്ടായതോടെ തോട്ടങ്ങളിലെ മിക്ക മോട്ടോറുകളും പ്രവര്‍ത്തനരഹിതമായി. ഇതോടെ നനക്കുന്ന ജോലികള്‍ ചില തോട്ടങ്ങളില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതിസന്ധിക്ക് പരിഹാരമില്ലാതെ വന്നതോടെ കെ.എസ്.ഇ.ബി ഓഫിസിലേക്ക് നാട്ടുകാരുടെ പരാതി പ്രവാഹമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.