കരിഞ്ഞുണങ്ങി വനം; കാട്ടുതീ പേടിയിൽ വനപാലകർ

അടിമാലി: കൊടുംവേനലിൽ ഉണങ്ങി നിൽക്കുന്ന വനമേഖല കാട്ടുതീ ഭീഷണിയിൽ. ദേവികുളം താലൂക്കിലെ പല ഭാഗങ്ങളും തീപ്പൊരി വീണാല്‍ ചാമ്പലാകുന്ന അവസ്ഥയിലാണ്. വനത്തിലെ നീര്‍ചാലുകളെല്ലാം വരണ്ടു. കരിയിലകള്‍ നിറഞ്ഞു. തീറ്റയും വെള്ളവുമില്ലാതെ വന്യമൃഗങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറുന്നു. കാട്ടുതീ പ്രതിരോധത്തിന് വനപാലകര്‍ സന്നാഹമൊരുക്കിയിട്ടുണ്ട്. തീയുണ്ടായാല്‍ വേഗമെത്താന്‍ റോഡുകളുടെ അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. വനത്തില്‍ ഏറുമാടം കെട്ടി അടുത്തടുത്തായി വാച്ചര്‍മാര്‍ കാവലുണ്ട്. വയര്‍ലെസുമായി മറ്റുസംഘങ്ങള്‍ തലങ്ങും വിലങ്ങുമുണ്ട്. വനത്തില്‍ പലഭാഗത്തുമായി വാച്ച് ടവറിലും നിരീക്ഷണത്തിന് ആളുണ്ട്. അടിമാലി പെട്ടിമുടിയിൽ ഞായറാഴ്ച തീപടർന്നത് ആശങ്ക പരത്തിയിരുന്നു. ഇടുക്കിയിൽ ചൂട് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കാട്ടുതീ പ്രതിരോധപ്രവർത്തനം വനം വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിലെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം കണക്കിലെടുത്താണ്​ നടപടി. പലയിടത്തും ഫയർലൈൻ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്​ ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്​. സാധാരണഗതിയിൽ ഫെബ്രുവരിയിലെ ആദ്യത്തെ രണ്ടാഴ്ച കൂടിയെങ്കിലും തണുപ്പ് നിലനിൽക്കുമായിരുന്നെങ്കിൽ ഇക്കുറി സ്ഥിതി മറിച്ചാണ്. ജനുവരി അവസാന ആഴ്ച തന്നെ ജില്ലയിലെ ഉയർന്ന താപനില 30‍ ഡിഗ്രി സെൽഷ്യസിനടുത്തെത്തി. കാട്ടിനുള്ളിലെ ജലാശയങ്ങളും വരൾച്ച ഭീഷണിയിലായി. വന്മരങ്ങളടക്കം ഉണങ്ങി നിൽപാണ്. ഇടുക്കിയോട് അതിർത്തി പങ്കിടുന്ന തമിഴ്നാട് വനങ്ങളിലും വരൾച്ച അതിരൂക്ഷം. വരുംദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നതു കണക്കിലെടുത്ത്​ കാട്ടുതീ പ്രതിരോധ നടപടികൾ വേഗത്തിലാകിയിട്ടുണ്ട്​. അതിര്‍ത്തി കടന്നെത്തുന്ന കാട്ടുതീക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും വനപാലകര്‍ നല്‍കുന്നുണ്ട്. വന്യജീവി സങ്കേതത്തിലെ മിക്ക റേഞ്ചുകളിലെയും തോടുകളിലും കുളങ്ങളിലും വെള്ളമുള്ളത് ആശ്വാസകരമാണ്. അടുത്തിടെ ചിലയിടങ്ങളില്‍ മഴയും ലഭിച്ചു. കാട്ടുതീ കണക്കിലെടുത്ത് വനത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.