നാടുവിറപ്പിച്ച് വന്യമൃഗങ്ങള്‍; റോഡുകളുടെ അധികാരം പിടിക്കാൻ വനംവകുപ്പ്

അടിമാലി: നാടുവിറപ്പിച്ച് വന്യമൃഗങ്ങള്‍ വിലസുമ്പോള്‍ വനസംരക്ഷണത്തിന്‍റെ പേരില്‍ റോഡുകളില്‍ അധികാരം സ്ഥാപിക്കാന്‍ വനംവകുപ്പ്. ദേവികുളം വനം ഡിവിഷന് കീഴില്‍ അടിമാലി റേഞ്ചിലും മാങ്കുളം ഡിവിഷന് കീഴില്‍ മാങ്കുളം, ആനക്കുളം റേഞ്ചുകളിലുമാണ് വനപാലകരും ജനങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നത്​. അടുത്തിടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ റാണിക്കല്ല്​ മുതല്‍ വാളറവരെ 10 കി.മീ. ദൂരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുകയോ റോഡില്‍ ഇറങ്ങുകയോ ചെയ്യുന്നത്​ വിലക്കി​ വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വിവാദമായതോടെ നിർദേശം തിരുത്തി പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, മാങ്കുളം വഴി കടന്നുപോകുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് തുറന്നുനല്‍കാന്‍ നടപടി ഉണ്ടായിട്ടില്ല. കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകൾ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന ഈ റോഡിനായി നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. കുറത്തിക്കുടിയുമായി ബന്ധപ്പെട്ട റോഡും ആനക്കുളം-കോഴിയളക്കുടി റോഡും പെരുമ്പന്‍കുത്ത്-മാങ്കുളം റോഡും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിയന്ത്രണത്തിലാക്കി. എന്നാൽ, വന്യമൃഗ ശല്യത്തിൽനിന്ന്​ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനം വകുപ്പ്​ ഇടപെടുന്നില്ലെന്നാണ്​ പരാതി. കഴിഞ്ഞ ദിവസം കുറത്തിക്കുടിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ആറ്​ ആദിവാസികള്‍ക്കാണ് പരിക്കേറ്റത്. മൂന്നാര്‍ പട്ടണം ഉള്‍പ്പെടെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന വലിയ നാശമാണ് ദിവസവും വരുത്തിവെക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ എട്ടുപേരുടെ ജീവനും 27 വീടുകളും 20 വ്യാപാരസ്ഥാപനങ്ങളും വന്യമ്യഗങ്ങളെടുത്തു. വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യസംഭവങ്ങളാണ്. മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ, വട്ടവട, അടിമാലി, സേനാപതി, മറയൂര്‍, കാന്തലൂര്‍, മാങ്കുളം, ഇടമലക്കുടി പഞ്ചായത്തുകളിലാണ് വന്യമൃഗശല്യം രൂക്ഷം. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ്​ കുരങ്ങുകള്‍ കൂട്ടമായെത്തി​ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത്​. മൂന്നാര്‍, ദേവികുളം റേഞ്ച് പരിധികളില്‍ കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങളില്ലാതായി. മൂന്നാറില്‍ പടയപ്പയെന്ന കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി കൊലവിളിയുയര്‍ത്താന്‍ തുടങ്ങിയിട്ട്​ മാസങ്ങളായി. വേനല്‍ക്കാലത്ത് വെള്ളത്തിനും ഭക്ഷണത്തിനുമായി വന്യമൃഗക്കൂട്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത് പതിവായതോടെ ഗ്രാമവാസികളും തോട്ടംതൊഴിലാളികളും ഭീതിയിലാണ്. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കും വീടുകള്‍ക്കും നഷ്ടപരിഹാരം നല്‍കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.