കട്ടപ്പന മിനി സ്‌റ്റേഡിയം സ്​റ്റേജ്​ നിർമാണം ഉടൻ തുടങ്ങും

കട്ടപ്പന: നഗരസഭ ഉടമസ്ഥതയിൽ പഴയ ബസ് സ്റ്റാൻഡിന് എതിർവശത്തെ മിനി സ്‌റ്റേഡിയത്തിനുള്ളിൽ പുതിയ സ്‌റ്റേജ് നിർമിക്കാൻ ധാരണയായി. ഇപ്പോഴുള്ള സ്‌റ്റേജ് നവീകരിക്കാനാണ്​ മുമ്പ്​ തീരുമാനിച്ചിരുന്നത്. ഇതിനായി മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, നിലവിലെ സ്​റ്റേജിന്​ വശത്തായി പഴയ പഞ്ചായത്ത് കെട്ടിടത്തിന് അഭിമുഖമായി പുതിയ സ്‌റ്റേജ് നിർമിക്കുകയാണെങ്കിൽ ഭാവിയിൽ മാനവീയം വീഥിയാക്കി ഇവിടം മാറ്റിയെടുക്കാൻ സാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് രൂപകൽപനയിൽ മാറ്റം വരുത്തിയത്. സ്‌റ്റേജ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭവന നിർമാണ ബോർഡിന്‍റെ സ്ഥലം ഉൾപ്പെട്ടത് സാങ്കേതിക തടസ്സം സൃഷ്ടിച്ചു. തുടർന്ന് ബുധനാഴ്ച കട്ടപ്പനയിലെത്തിയ ബോർഡ് ചെയർമാൻ പി.പി. സുനീറിനെ നഗരസഭ ഭരണ സമിതി അംഗങ്ങൾ നേരിൽക്കണ്ട് സംസാരിച്ച് തർക്കം പരിഹരിച്ചു. കട്ടപ്പനയിലെ സാംസ്കാരിക പ്രവർത്തകരുടെയും ജനകീയ സംഘടനകളുടെയും ഏറെനാളത്തെ ആഗ്രഹമാണ് പഴയ പഞ്ചായത്ത് മൈതാനം മാനവീയം വീഥിയാക്കി മാറ്റണമെന്നത്. പഴയ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ മറ്റുള്ള സ്ഥലങ്ങളിലേക്ക്​ മാറുന്ന മുറക്കാകും മാനവീയം വീഥിയാക്കി മാറ്റാൻ കൗൺസിലിൽ അംഗീകാരം നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.