p2 lead... * ഇന്ന് മുതൽ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് തൊടുപുഴ: എല്ലാ ക്ലാസുകളിലെയും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സ്കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ആരംഭിച്ചിരുന്നെങ്കിലും രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനം. തിങ്കളാഴ്ച മുതൽ വൈകീട്ട് വരെ പൂർണ തോതിലാണ് ക്ലാസുകൾ പ്രവർത്തിക്കുക. ജില്ലയിൽ എല്ലാ ഒരുക്കങ്ങളും സജ്ജീകരണങ്ങളും പൂർത്തിയാക്കിയാണ് സ്കൂളുകൾ തുറക്കുന്നതെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ് പറഞ്ഞു. വീടുകളും ഓൺലൈൻ ക്ലാസുകളുമായി കഴിഞ്ഞുവന്ന കുട്ടികൾക്ക് കോവിഡ് സാഹചര്യത്തിന് മുമ്പുള്ളതുപോലെ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്‍റെ സന്തോഷം ചെറുതല്ല. 23 മാസത്തെ നീണ്ട ഇടവേളക്കുശേഷമാണ് സ്കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക് എത്തുന്നത്. കോവിഡ് ആശങ്കകൾ പൂർണമായും വിട്ടൊഴിയാത്ത സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും സ്കൂളുകൾ പ്രവർത്തനമാരംഭിക്കുന്നത്. സ്കൂൾ തുറന്നാലും ഹാജറിന്‍റെ കാര്യത്തിലും യൂനിഫോമിന്‍റെ കാര്യത്തിലും നിർബന്ധം പിടിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൂർണമായും സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അധ്യാപകരുടെയടക്കം നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ 1,04,428 കുട്ടികൾ ജില്ലയിലെ സർക്കാർ എയ്ഡഡ് അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലായി ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ ആകെ 1,04,428 കുട്ടികളാണുള്ളത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഇതിനോടകം തന്നെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. പി.ടി.എ യോഗങ്ങൾ ചേർന്ന് ആവശ്യമായ ക്രമീകരണങ്ങളും സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.മാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളുകൾ സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങളടക്കം പരിശോധിച്ചുവരുകയാണ്. നവംബറിൽ സ്കൂൾ തുറന്ന് പ്രവർത്തനം തുടങ്ങിയതിനാൽ കാര്യമായി ബുദ്ധിമുട്ടുകളില്ലാതെ ക്രമീകരണങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് അധ്യാപകർ പറഞ്ഞു. പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണ പ്രവർത്തനങ്ങൾക്കടക്കമായിരിക്കും വരും ദിവസങ്ങളിൽ മുൻതൂക്കം. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതും മാനസിക സംഘർഷം ലഘൂകരിക്കാൻ ഉതകുന്നതുമായ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് നിർദേശം. വാക്സിൻ സ്വീകരിച്ചത് 64 ശതമാനം കുട്ടികൾ തൊടുപുഴ: ജില്ലയിൽ 15-17 പ്രായക്കാരായ 33,880 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 15,445 പേർ രണ്ടാം ഡോസുമെടുത്തു. ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം ജില്ലയിൽ ഈ വിഭാഗത്തിൽ 18,360 പേർക്കാണ് വാക്സിൻ നൽകേണ്ടത്. ഇതുപ്രകാരം ആദ്യ ഡോസ് വാക്സിനേഷൻ 64 ശതമാനം പിന്നിട്ടു. കോവിഡ് രൂക്ഷവ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചതും കൂടുതൽ പേർ കോവിഡ് പോസിറ്റിവായതും രണ്ടാഴ്ചയോളം കോവാക്സിന് ക്ഷാമം നേരിട്ടതുമെല്ലാം വാക്സിനേഷനെ ബാധിച്ചതായാണ് അധികൃതർ പറയുന്നത്. സ്കൂൾ വീണ്ടും തുറന്നതോടെ കൗമാരക്കാരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. ഇതിനായി സ്കൂളുകളിൽ എത്തിയും വാക്സിൻ നൽകാനാണു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.