ഏലം ഫാക്ടറി സ്വൈരജീവിതം തകർത്തെന്ന് പരാതി

അടിമാലി: വീടിനോട് ചേര്‍ന്ന് തുടങ്ങിയ ഏലം ഫാക്ടറി ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി റിട്ട. അധ്യാപകന്‍ അടിമാലി പൊളിഞ്ഞപാലം കുമ്മംകോട്ടില്‍ കെ.വി. ചാക്കോ കലക്ടര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തായ വട്ടക്കുഴിയില്‍ ടോമിക്ക് ത‍ന്‍റെ വസ്തുവില്‍നിന്ന്​ 10 സെന്‍റ്​ സ്ഥലം നൽകിയിരുന്നു. വീടുവെച്ച് താമസിക്കാനെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിനായി വീട് നിര്‍മിക്കുകയും ചെയ്തു. എന്നാല്‍, രണ്ട്​ വര്‍ഷം മുമ്പ്​ ചെറിയ രീതിയില്‍ ഏലം തരം തിരിക്കുന്ന ഫാക്ടറി തുടങ്ങി. ഇവിടെ നിന്ന്​ പൊടിപടലങ്ങൾ ഉയര്‍ന്നു. സുഹൃത്തായതിനാല്‍ ഇത് ചോദ്യം ചെയ്തിരുന്നില്ല. മൂന്ന് മാസം മുമ്പ്​ ആധുനിക മെഷിനറികള്‍ ഇറക്കുകയും ഇവിടെ വലിയ ഫാക്ടറി തന്നെ സ്ഥാപിക്കുകയും നിരവധി തൊഴിലാളികളെ നിയമിക്കുകയും ചെയ്തു. ത‍ന്‍റെ വീട്ടില്‍നിന്ന്​ മൂന്ന് മീറ്റര്‍ മാത്രം മാറിയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഷീനില്‍നിന്ന്​ ഭീമാകാരമായ ശബ്ദവും പൊടിപടലവും മൂലം താമസം പ്രതിസന്ധിയിലായി. 10 സെന്റില്‍ ഇത്തരത്തില്‍ ഫാക്ടറി സ്ഥാപിക്കാന്‍ നിയമപരമായി അനുമതിയില്ലെന്ന് ചാക്കോ പറയുന്നു. ത‍ന്‍റെ വീടിന് മുകളിലൂടെ ത്രീഫേസ് ലൈന്‍ വലിക്കുക ഉള്‍പ്പെടെ ചെയ്തിട്ടുണ്ടെന്നും രാപ്പകലില്ലാതെ ഫാക്ടറിയിലേക്ക് ചരക്കുവാഹനങ്ങള്‍ എത്തുന്നതായും ഇത് ​സ്വൈരജീവിതം തകര്‍ത്തതായും ഇദ്ദേഹം പറയുന്നു. എന്നാല്‍, എല്ലാവിധ ലൈസന്‍സോടെയുമാണ് ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉടമ ടോമി ജയിംസ് പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ നേരിട്ട് പരിശോധന നടത്തിയാണ് ലൈസന്‍സ് നല്‍കിയത്. വയോധികയായ മാതാവും താനും കുടുംബവും ഈ ഫാക്ടറി ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് താമസിക്കുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.