പെൺഡ്രൈവ്​ (ലോക്കൽ പേജ്​ കോളം)

രണ്ടുവർഷത്തെ ലോക്​ഡൗൺ കാലത്ത്​ മാത്രം മഞ്ജു 50 ലക്ഷത്തിന്‍റെ പച്ചക്കറി വിറ്റഴിച്ചു കട്ടപ്പന: പച്ചക്കറി കൃഷിയിലും തൈവിപണനത്തിലും വ്യത്യസ്തമായി പ്രവർത്തിക്കുകയാണ് കട്ടപ്പന വലിയതോവാള ഉള്ളാട്ട് മാത്യുവിന്‍റെ ഭാര്യ വീട്ടമ്മയായ മഞ്ജു (35). പച്ചക്കറി ഉൽപാദിപ്പിച്ചും നഴ്​സറി തൈകൾ വിപണനം ചെയ്തും ഈ യുവ കർഷക ചുരുങ്ങിയ കാലത്തിൽ​ സംസ്ഥാന കൃഷിവകുപ്പിന്‍റെ അംഗീകാരവും നേടി. 2016ൽ സംസ്ഥാനത്തെ മികച്ച യുവകർഷകക്കുള്ള അവാർഡ്‌ മഞ്ജുവിനായിരുന്നു. കൃഷി വകുപ്പിന്‍റെ ആത്മ അവാർഡും കുടുംബശ്രീയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. രണ്ടുവർഷത്തെ ലോക്​ഡൗൺ കാലത്ത്​ മാത്രം മഞ്ജു 50 ലക്ഷത്തിന്‍റെ പച്ചക്കറി വിറ്റഴിച്ചു. കുടിവെള്ളംപോലും ലഭ്യമല്ലാതിരുന്ന അഞ്ചുമുക്കിൽ കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കർ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലും വിശ്രമമറിയാതെ അധ്വാനിച്ചാണ്​ യുവതി നേട്ടങ്ങൾ കൊയ്തത്. വീട്ടിൽ സ്വന്തമായി നിർമിച്ച നഴ്സറിയിലാണ്‌ വിവിധതരം പച്ചക്കറി തൈകൾ ഉൽപാദിപ്പിക്കുന്നത്​. പഞ്ചായത്തുകൾ വഴിയും കൃഷിവകുപ്പ് വഴിയുമാണ്​ വിപണനം. കുരുമുളക്, വാഴ, ചേന, മരച്ചീനി തുടങ്ങിയവക്കൊപ്പം മഴമറ നിർമിച്ച്​ പയർ, പാവൽ, പച്ചമുളക്, കോളിഫ്ലവർ, ബ്രോക്കോളി, മാലിമുളക്​, ബജി മുളക്, കാപ്‌സിക്കം, വഴുതന, കോവൽ, കത്രിക്ക, പടവലം തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യുന്നു. പശു, ആട്, കോഴി എന്നിവയെയും വളർത്തുന്നു. പച്ചക്കറികൾ, കച്ചവടക്കാർ കൃഷിസ്ഥലത്തുനിന്ന് നേരിട്ട് വാങ്ങിക്കൊണ്ടുപോകുകയാണ്​. മത്സ്യകൃഷിക്കായി രണ്ട് വലിയ പടുത കുളങ്ങൾ നിർമിച്ചിട്ടുണ്ട്​. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത്​ കുഴൽക്കിണറും പടുത കുളവും നിർമിച്ചാണ് കൃഷിക്ക് ജലസേചന സ്വകര്യം ഒരുക്കിയത്. ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്. ജൈവ വളങ്ങൾ ഉൽപാദിപ്പിച്ച്​ വിൽക്കുന്നുണ്ട്. ഭർത്താവ് മാത്യുവും വിദ്യാർഥികളായ മക്കൾ അഞ്ചിത്, അഞ്ജു, ആൽബിൻ എന്നിവരും സഹായത്തിന് സന്നദ്ധരാണ്. 2020-21ൽ സംസ്ഥാനത്തെ മികച്ച കർഷക സ്കൂൾ വിദ്യാർഥിക്കുള്ള അവാർഡ് മകൾ അഞ്ജുവിന് ലഭിച്ചിരുന്നു. ------------- തോമസ് ജോസ് ----------- ഫോട്ടോ. കട്ടപ്പന വലിയതോവാള ഉള്ളാട്ട് മഞ്ജു തന്‍റെ കൃഷിയിടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.