വിസ്മൃതിയിലാണ്ട് തൂക്കുപാലങ്ങള്‍

കുടിയേറ്റ ജനതയുടെ ആദ്യകാല യാത്രയുടെ ഓര്‍മകളും പേറി നില്‍ക്കുന്ന ഹൈറേഞ്ചിലെ തൂക്കുപാലത്തിന്‍റെ അവശിഷ്ടങ്ങള്‍ പുതുതലമുറക്ക് കൗതുകം മാത്രം നെടുങ്കണ്ടം: തൂക്കുപാലം എന്ന സ്ഥലനാമം പ്രശസ്തിയില്‍ നില്‍ക്കുമ്പോളും ഈ പേരിന് ആധാരമായ തൂക്കുപാലങ്ങള്‍ വിസ്മൃതിയിലേക്ക്​. ചരിത്രത്തിന്‍റെ ശേഷിപ്പായി പോയകാലത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തി ആറരപ്പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച തൂക്കുപാലത്തിന്‍റെ ഇരുമ്പ് വടങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്​. കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ മറുകര എത്താന്‍ നിര്‍വാഹമില്ലതിരുന്ന കാലത്ത് ആറും തോടും കടക്കാന്‍ നിര്‍മിച്ചതാണ് തൂക്കുപാലങ്ങള്‍ അഥവ ആട്ടുപാലങ്ങള്‍. കുടിയേറ്റ ജനതയുടെ ആദ്യകാല യാത്രയുടെ ഓര്‍മകളും പേറി നില്‍ക്കുന്ന ഹൈറേഞ്ചിലെ തൂക്കുപാലത്തിന്‍റെ അവശിഷ്ടങ്ങള്‍ പുതുതലമുറക്ക് ഇന്ന്​ കൗതുകം മാത്രമാണ്​. കല്ലാര്‍ പുഴയുടെ കുറുകെ തേര്‍ഡ് ക്യാമ്പ്, താന്നിമൂട്, കോമ്പയാര്‍, മുണ്ടിയെരുമ തുടങ്ങിയ പ്രദേശങ്ങളിലും തൂക്കുപാലങ്ങള്‍ ഉണ്ടായിരുന്നു. ജില്ലയിലെ തൂക്കുപാലങ്ങളില്‍ ചിലത് മാത്രമാണ് ഇപ്പോഴും അവശേഷിക്കുന്നത്​. കല്ലാര്‍ പുഴയുടെ മറുകരയിലെത്താന്‍ ഏക ആശ്രയമായിരുന്ന തേര്‍ഡ്ക്യാമ്പിലെ തൂക്കുപാലത്തിന്‍റെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ 1957ലാണ് തേര്‍ഡ്ക്യാമ്പില്‍ കല്ലാര്‍ പുഴക്ക് കുറുകെ ഇത് നിര്‍മിച്ചത്. പുഴയുടെ ഇരുകരകളിലും കോണ്‍ക്രീറ്റ് തൂണുകള്‍ തീര്‍ത്ത് ഇരുമ്പ് കമ്പികളും കേഡറുകളും ഉപയോഗിച്ചാണ് സുരക്ഷിതമാക്കിയത്. ചിലയിടങ്ങളില്‍ ഇരു കരയിലെയും വന്‍ വൃക്ഷങ്ങളില്‍ ഇരുമ്പ് വടം വലിച്ചുകെട്ടി അവയില്‍ കാട്ടുകമ്പുകളോ പലകകളോ നിരത്തിയും നിര്‍മിച്ചിരുന്നു. അഞ്ച് പതിറ്റാണ്ടോളം പ്രദേശവാസികള്‍ യാത്ര ചെയ്തിരുന്നത് ഈ ആട്ടുപാലത്തിലൂടെയായിരുന്നു. ഒരു തലക്കല്‍ ആളുകള്‍ കയറുമ്പോള്‍ പാലം മുഴുവനായും കുലുങ്ങിത്തുടങ്ങും. തൂങ്ങിയാടുന്ന നൂല്‍ പാലത്തിലൂടെ യാത്ര സാഹസിക അനുഭവമായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. പുഴയില്‍ വെള്ളം ഉയരുമ്പോള്‍ മറുകരയിലെത്താന്‍ നിര്‍വാഹമില്ലാതെ ദിനരാത്രങ്ങള്‍ തള്ളി നീക്കിയതും കുട്ടികളെ സ്‌കൂളിലയക്കാന്‍ മാര്‍ഗമില്ലാതെ പഠനം മുടങ്ങിയതും ഇന്നും പലരുടെയും ഓര്‍മയിലുണ്ട്. കാലങ്ങൾ പിന്നിട്ടതോടെ ഇവിടങ്ങളിലൊക്കെ ചെറിയ നടപാലങ്ങളും പിന്നീട് വാഹനങ്ങള്‍ കടന്നുപോകാവുന്ന രീതിയില്‍ വലിയ കോണ്‍ക്രീറ്റ് പാലങ്ങളും ഉയര്‍ന്നതോടെ തൂക്കുപാലങ്ങള്‍ വിസ്മൃതിയിലായി. idl ndk തേര്‍ഡ്ക്യാമ്പിലെ തൂക്കുപാലത്തിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.