കീടനാശിനികൾ മാർക്കറ്റിൽ സുലഭം; കണ്ടഭാവമില്ലാതെ അധികൃതർ

തേയില, ഏലം, വാഴ, പച്ചക്കറി കൃഷികളിൽ കീടനാശിനി വ്യാപകമായി ഉപയോഗിക്കുന്നു അടിമാലി: ജില്ലയില്‍ കീടനാശിനികളുടെ അനധികൃത വില്‍പന വ്യാപകം. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ദോഷകരമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചവ ഉൾപ്പെടെ കള-കീടനാശിനികൾ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നു കീടനാശിനി വില്‍പനയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന്റെ മാനദണ്ഡങ്ങള്‍ മറികടക്കുന്നതായ വിവരം ലഭിച്ചിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയത്തിലാണ്​. തേയില, ഏലം, വാഴ, പച്ചക്കറി കൃഷികളിലാണ് ഇവ പ്രധാനമായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവ ജില്ലയിലെത്തുന്നതെന്നാണ്​ വിവരം. മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന ഉത്തരവുകള്‍ പുറത്തിറക്കുന്നതിനിടെയാണ് ജില്ലയില്‍ ഇവയുടെ അനധികൃത വ്യാപാരം വര്‍ധിക്കുന്നത്. 1968ലെ ഇന്‍സെക്ടിസൈഡ് ആക്ട്, 1971ലെ ഇന്‍സെക്ടിസൈഡ് റൂള്‍സ് എന്നീ കേന്ദ്ര ചട്ടങ്ങള്‍ക്കു വിധേയമായാണ്​ സംസ്ഥാനത്ത് കാര്‍ഷികാവശ്യങ്ങള്‍ക്ക്​ കീടനാശിനിയുടെ വില്‍പനക്കും വിതരണത്തിനും നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതുപ്രകാരം കീടനാശിനികള്‍ ഉപഭോഗ വസ്തുക്കള്‍ക്കൊപ്പം സൂക്ഷിക്കുന്നതും വിതരണം നടത്തുന്നതും കുറ്റകരമാണ്. ഇത് ലംഘിച്ചാണ് ചിലയിടങ്ങളില്‍ ഇത്തരം കീടനാശിനികളുടെ വില്‍പന. കുറഞ്ഞ വില വാഗ്ദാനംചെയ്ത് കര്‍ഷകരെ വലയിലാക്കുന്ന അനധികൃത കച്ചവടക്കാര്‍ സജീവമാണ്. മണ്ണിലും ജലത്തിലും ഏറെനാള്‍ നിലനില്‍ക്കുന്ന കീടനാശിനി, മാരക രോഗങ്ങള്‍ക്കും കാരണമാകും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കീടനാശിനി വില്‍പനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കൃഷി വകുപ്പ് ഉദ്യാഗസ്ഥര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പേരിന്​ മാത്രം പരിശോധനയും നടപടികളുമാണ്​ ഉണ്ടാകുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.