വെള്ളിയാമറ്റം പഞ്ചായത്തിൽ പട്ടയരഹിതർക്ക് വീട് നിർമാണ അനുമതി നൽകണമെന്ന് നിർദേശം

വെള്ളിയാമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ പട്ടയമില്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ലൈഫ് പദ്ധതിയിൽപെടുത്തി വീട് നിർമിക്കാൻ അനുമതി നൽകണമെന്ന് ജില്ല തർക്ക പരിഹാര അദാലത്തിൽ നിർദേശം. പഞ്ചായത്തിലെ അവികസിത മേഖലകളായ പൂമാല, മേത്തൊട്ടി, കൂവക്കണ്ടം, കോഴിപ്പിള്ളി, കൊളപ്രം, പൂച്ചപ്ര, വെള്ളിയാമറ്റം പ്രദേശങ്ങളിൽ കാലങ്ങളായി താമസിക്കുന്ന പട്ടികജാതി, ജനറൽ വിഭാഗങ്ങൾക്കാണ് ഇത് ഗുണം ചെയ്യും. പ്രദേശത്തെ 1000ലേറെ കുടുംബങ്ങൾക്ക് ഏഴ്​ വർഷമായി ലൈഫ് ഭവനപദ്ധതിയിൽ വീടുകൾ അനുവദിച്ചെങ്കിലും ഭൂമിയുടെ കൈവശാവകാശം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പല കുടുംബങ്ങളും ജീർണിച്ച വീടുകളിലാണ് താമസിക്കുന്നത്. ഇവർക്ക് ഫണ്ട് ലഭിക്കാതെ വന്നതോടെ പഞ്ചായത്ത് അംഗങ്ങളായ മോഹൻദാസ് പുതുശ്ശേരി, അഭിലാഷ് രാജൻ, പോൾ സെബാസ്റ്റിൻ എന്നിവർ ചേർന്ന് കലക്ടർ, ലൈഫ് മിഷൻ കോഓഡിനേറ്റർ, തൊടുപുഴ തഹസിൽദാർ, വെള്ളിയാമറ്റം വില്ലേജ് ഓഫിസർ എന്നിവരെ കക്ഷിചേർത്ത് അദാലത് കോടതിൽ പരാതി നൽകിയത്. പട്ടയമോ കൈവശാവകാശമോ ഇല്ലാത്ത കുടുംബങ്ങൾക്ക് മുൻ കാലങ്ങളിൽ ഇ.എം.എസ് - മൈത്രി ഭവനപദ്ധതികളിലൂടെ തഹസിൽദാറിന്‍റെ അധ്യക്ഷതയിൽ ചേരുന്ന ഭൂപതിവ് കമ്മിറ്റി വീട് വെക്കുന്നതിന് അനുമതി നൽകിയിരുന്നു. ആശ്രയ, ഐ.എ.വൈ, ജവഹർ തുടങ്ങിയ ഭവനപദ്ധതികൾക്ക് എട്ട്​ വർഷമായി സ്ഥിരതാമസക്കാരനാണെന്ന വില്ലേജ് ഓഫിസറുടെ സർടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ വീടുവെക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ, ലൈഫ് പദ്ധതിയിൽ ഈ മാനദണ്ഡങ്ങൾ അംഗീകരിക്കാതായതോടെ പഞ്ചായത്ത് അംഗങ്ങൾ ജില്ല അദാലത്തിൽ പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.