വീണ്ടും ഉപസമിതി; പരിഹാരമില്ലാതെ നെടുങ്കണ്ടത്തെ ഗതാഗതക്കുരുക്ക്​

P/4 lead ഏഴുവര്‍ഷം മുമ്പെടുത്ത തീരുമാനങ്ങൾ നടപ്പിലായിരുന്നെങ്കിൽ എത്രയോ ജീവനുകൾ രക്ഷിക്കാമായിരുന്നു നെടുങ്കണ്ടം: സംസ്ഥാന പാത കടന്നുപോകുന്ന നെടുങ്കണ്ടം പട്ടണത്തിലെ ഗതാഗതക്കുരുക്ക്​ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന്​ ഉപസമിതി രൂപവത്​കരിച്ചു. പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് യോഗം പ്രഹസനമാക്കിയതിൽ പരാതികളും പ്രതിഷേധവും. നെടുങ്കണ്ടം പട്ടണത്തില്‍ അഞ്ചുദിവസത്തിനിടെ വാഹനാപകടങ്ങളില്‍ രണ്ടുപേർ മരിച്ചിട്ടും തീരുമാനങ്ങളില്ലാതെ പഴിചാരലും കുറ്റപ്പെടുത്തലുകളുമായി യോഗം ചേർന്നു. തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയുടെ ഭാഗമായ ടൗണില്‍ അപകടങ്ങള്‍ വർധിച്ചതോടെ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന്​ ഇതിനായി 16 നിര്‍ദേശങ്ങളാണ്​ പുറപ്പെടുവിച്ചത്​. ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് സംവിധാനം ഏർപ്പെടുത്തുക, ഓട്ടോ പാര്‍ക്ക് ചെയ്യുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുക, ട്രിപ്പ് ജീപ്പ് പാര്‍ക്കിങ്ങിന്​ പ്രത്യേക ക്രമീകരണം ഒരുക്കുക, ബസ്​ പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം, പാര്‍ക്കിങ്ങിന്​ മൃഗാശുപത്രി മൈതാനം, അനധികൃത ബൈക്ക് പാര്‍ക്കിങ് നിരീക്ഷിക്കുക, സ്‌കൂള്‍ ബസുകളുടെ സഞ്ചാരപാത ആശാരിക്കണ്ടം വഴി ഹൈവേയിലൂടെ തുടങ്ങിയവയായിരുന്നു പ്രധാന പരിഷ്കാരങ്ങൾ. എന്നാല്‍, ഏഴ്​ വര്‍ഷം പിന്നിട്ടിട്ടും ഒരു നിര്‍ദേശം പോലും നടപ്പാക്കിയില്ല. അപകടങ്ങളും മരണങ്ങളും തുടരുമ്പോൾ വീണ്ടും ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന്​ പരിഷ്കാരത്തെക്കുറിച്ച്​ പഠിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്​. പൊതുമരാമത്ത്​, റവന്യൂ, എക്‌സൈസ്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്​, പഞ്ചായത്ത്​, വ്യാപാരികൾ, വിവിധ രാഷ്ട്രീയ കക്ഷികള്‍ എന്നിവയുടെ പ്രതിനിധികളാണ്​ ഉപസമിതിയിൽ. ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നെടുങ്കണ്ടം ജോയന്‍റ്​ ആര്‍.ടി ഓഫിസ് ചെറുവിരല്‍ അനക്കാറില്ല. ------ പാർക്കിങ് ​തോന്നിയപോലെ റോഡിനിരുവശത്തും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഒരു മാനദണ്ഡങ്ങളും പാലിക്കാറില്ല. വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശനകവാടം അടച്ചും കാല്‍നടക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്തവിധത്തിലുമാണ് പലയിടത്തും പാർക്കിങ്​. ബി.എഡ് കോളജ് ജങ്​ഷന്‍ മുതല്‍ പടിഞ്ഞാറെ കവല വരെ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത് തോന്നിയതുപോലെയാണ്. ടൗണില്‍ പലയിടത്തും സീബ്രാലൈനുകളില്ല. അഞ്ച് റോഡുകള്‍ സംഗമിക്കുന്ന കിഴക്കേ കവലയിലും നാല് റോഡുകള്‍ ചേരുന്ന പടിഞ്ഞാറെ കവലയിലും ട്രാഫിക് ഐലൻഡ്​ സ്ഥാപിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. കിഴക്കേ കവലയില്‍നിന്ന്​ താന്നിമൂടിന് തിരിയുന്നിടത്ത് റോഡിനിരുവശത്തും അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടസാധ്യത വർധിപ്പിച്ചു. ചരക്ക് ലോറികളും മറ്റും ഇവിടെ സാധനങ്ങള്‍ കയറ്റിയിറക്കാൻ മണിക്കൂറോളമാണ് നിർത്തിയിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.