വികസനം വിലങ്ങണിഞ്ഞ്​ തൂക്കുപാലം

മേഖലയില്‍ ജനവാസം ആരംഭിച്ച്​ ആറരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും അവഗണന വിട്ടൊഴിയുന്നില്ല നെടുങ്കണ്ടം: ജില്ലയിലെ ആദ്യ കുടിയേറ്റ കോളനിയായ തൂക്കുപാലത്തിന്‍റെ പരാധീനതകള്‍ ഒഴിയുന്നില്ല. കേരള ചരിത്രത്തില്‍ ഇടം നേടിയ പട്ടം കോളനിയുടെ സിരാകേന്ദ്രമായ തൂക്കുപാലത്തിന്‍റെ വികസനം പ്രഖ്യാപനങ്ങൾ മാത്രം. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ തൂക്കുപാലം മേഖലയില്‍ ജനവാസം ആരംഭിച്ച്​ ആറരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും അവഗണന വിട്ടൊഴിയുന്നില്ല. ടൗണ്‍ വികസനത്തിന്‍റെ പ്രധാന തടസ്സം പദ്ധതികള്‍ പലതും പാതിവഴിയില്‍ മുടങ്ങി കിടക്കുന്നതാണ്. ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി തൂക്കുപാലം പാമ്പുമുക്ക് ജങ്​ഷനില്‍ പാതി പണി പൂര്‍ത്തീകരിച്ച് 20 വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ബസ്​സ്റ്റാൻഡ്​ ഇപ്പോഴും അനാഥമാണ്. 2002ല്‍ ഉദ്ഘാടനം നടത്തിയെങ്കിലും സൗകര്യം ഒരുക്കിയിട്ടില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ചില ബസുകള്‍ പ്രവേശിക്കുന്നതൊഴിച്ച് സ്റ്റാന്‍ഡിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ടൗണിലെത്തുന്ന ബസുകളിലധികവും എസ്​.എന്‍ ജങ്​ഷനിലും മറ്റും എത്തി മടങ്ങുകയാണ്. നടുറോഡില്‍ വാഹനങ്ങള്‍ തിരിക്കുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു​. ജില്ലയിലെ പ്രമുഖ മാര്‍ക്കറ്റുകളിലൊന്നായ തൂക്കുപാലം ചന്തയുടെ വികസനവും പ്രഖ്യാപനങ്ങളില്‍ മാത്രം. ചന്തയിൽ വ്യാപാരത്തിന് സൗകര്യം കുറവായതിനാല്‍ റോഡരികുകളെയാണ് ആശ്രയിക്കുന്നത്. രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രവും പുഷ്പക്കണ്ടം, കുരുവിക്കാനം കാറ്റാടി പാടങ്ങളും കാണാന്‍ ദിനംപ്രതി നൂറുകണക്കിനാളുകളാണ് എത്തുന്നത്. എന്നാല്‍, ടൗണിന്‍റെ അസൗകര്യങ്ങളാല്‍ ടൂറിസ്റ്റുകള്‍ വീര്‍പ്പു മുട്ടുകയാണ്. പ്രദേശം കേന്ദ്രീകരിച്ച് പട്ടംകോളനി പഞ്ചായത്ത്​ രൂപവത്കരിക്കണമെന്ന മുറവിളി ശക്തമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് രൂപവത്​കരണത്തിന്‍റെ ഒരുക്കം എല്ലാം പൂര്‍ത്തിയാക്കി പഞ്ചായത്ത് രൂപവത്​കരിച്ചതായി പ്രഖ്യാപിക്കുകയും സെക്രട്ടറിയെ നിയമിക്കുകയും ചെയ്തു. എന്നാല്‍, പഞ്ചായത്തിന്‍റെ ആസ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം മൂലം കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പഞ്ചായത്ത് രൂപവത്കരണം താല്‍ക്കാലികമായി മരവിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.