ഉപ്പുതറ പാലം നവീകരണത്തിന് നടപടി

കട്ടപ്പന: കോൺക്രീറ്റ് അടർന്ന്​ അപകടാവസ്ഥയിലായ ഉപ്പുതറ പാലത്തിന്‍റെ നവീകരണത്തിന് നടപടി. പാലത്തിന്‍റെ തൂണുകളുടെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന്​ ഇരുമ്പ് കമ്പികൾ പുറത്തുവന്ന ഭാഗത്താണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പാലത്തിന്‍റെ അപകടാവസ്ഥ സംബന്ധിച്ച് 'മാധ്യമം' റിപ്പോർട്ട്‌ ചെയ്തിരുന്നു. പീരുമേട് എം.എൽ.എ വാഴൂർ സോമൻ പാലം സന്ദർശിക്കുകയും പി.ഡബ്ല്യു.ഡി ബ്രിഡ്ജ് വിഭാഗം 25 ലക്ഷം തുക അനുവദിക്കുകയും ചെയ്തിരുന്നു. തേക്കടി-കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ പാലത്തിലൂടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. 2018-19 ലെ കാലവർഷത്തിലും പ്രളയത്തിലും തൂണുകളുടെ കോൺക്രീറ്റ് അടർന്ന്​ പാലം അപകടാവസ്ഥയിലാകുകയായിരുന്നു. പെരിയാറ്റിലൂടെ കടപുഴകി വന്ന വൻ മരങ്ങൾ ഇടിച്ചാണ് തൂണുകളിലെ സിമന്‍റ്​ പാളികൾ അടർന്നുപോയത്. മെറ്റലുകൾ പലപ്പോഴായി ഒലിച്ച് പോകുകയും ചെയ്തു. പാലത്തിന്‍റെ കമ്പികൾ തുരുമ്പെടുത്ത്​ നശിക്കുകയും ഒടിഞ്ഞുപോകുകയും ചെയ്തിരുന്നു. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച നാല്​ പാലങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത്​ വകുപ്പ് 2020ൽ രണ്ടുകോടി മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഉപ്പുതറ പാലത്തിന്‍റെ കൈവരികൾ നന്നാക്കി പെയിന്‍റടിച്ചതല്ലാതെ മറ്റൊരു പണിയും നടത്തിയില്ല. എസ്റ്റിമേറ്റിലെ അപാകത മൂലം ഫണ്ട് തികയാതെവന്നതാണ് പ്രശനമായത്. 1980ലാണ് പെരിയാറിന്​ കുറുകെ ഉപ്പുതറ-അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം നിർമിച്ചത്. ഫോട്ടോ. അപകടവസ്ഥയിലായ ഉപ്പുതറ പാലത്തിന്‍റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.