ഉയര്‍ന്ന ചൂടും മഞ്ഞുവീഴ്ചയും; റബര്‍ കര്‍ഷകർ പ്രതിസന്ധിയിൽ

അടിമാലി: പകലത്തെ ഉയര്‍ന്ന ചൂടും രാത്രിയിലെ മഞ്ഞുവീഴ്ച്ചയും ഹൈറേഞ്ചിലെ റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വേനൽ ആരംഭിച്ചതോടെ റബര്‍ മരങ്ങളിലെ ഇല പൂര്‍ണമായി കൊഴിഞ്ഞിരുന്നു. ഇല വീണ്ടും തളിരിട്ട് വരുന്നതിനിടയാണ് ഉയര്‍ന്ന ചൂടും മഞ്ഞ് വീഴ്ച്ചയും ഇടക്കിടെ പെയ്യുന്ന മഴയും കര്‍ഷകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. മഴപെയ്യുന്നതോടെ തളിരിട്ട് വരുന്ന ഇലകള്‍ ചുരുണ്ട് കൊഴിയുകയാണ്​. പുതിയ ഇലകള്‍ വീണ്ടും തളിരിടാന്‍ എടുക്കുന്ന കാലതാമസം ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. റബര്‍ മരങ്ങള്‍ ഇലപൊഴിച്ചതോടെ പലരും ടാപ്പിങ്​ നിര്‍ത്തിയിരിക്കുകയാണ്. ടാപ്പിങ്​ തുടരുന്ന കര്‍ഷകര്‍ക്ക് ഷീറ്റ് ഉൽപാദനത്തില്‍ വലിയ കുറവുണ്ട്. മരങ്ങളിലെ മെച്ചപ്പെട്ട ഇല പിടിത്തം റബര്‍ പാല്‍ ഉൽപാദന വര്‍ധനക്ക്​ സഹായമാകുന്ന ഘടകങ്ങളില്‍ ഒന്നാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റബര്‍ ഷീറ്റിന് വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. പ​ക്ഷേ, ഷീറ്റ് ഉൽപാദനക്കുറവ് മൂലം വിലവര്‍ധനയുടെ പ്രയോജനം വേണ്ട രീതിയിൽ ലഭിക്കുന്നുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.