തുടങ്ങനാട് സ്​പൈസസ് പാർക്ക്: നിർമാണം​ തുടങ്ങി

15 മാസംകൊണ്ട് പൂർത്തീകരിക്കുമെന്ന് മുട്ടം: തറക്കല്ലിട്ട ശേഷം ഒരു വർഷം മുടങ്ങിക്കിടന്ന തുടങ്ങനാട്​ സ്​പൈസസ് പാർക്കിന്‍റെ നിർമാണത്തിന്​ പ്രാരംഭ നടപടികൾ ആരംഭിച്ചു. സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രീപ്രോസസിങ്​, മൂല്യവര്‍ധന എന്നിവ​ വിഭാവനം ചെയ്യുന്ന പാർക്കിന് 2021 ഫെബ്രുവരി എട്ടിനാണ്​ മന്ത്രി ഇ.പി. ജയരാജൻ ശിലാസ്ഥാപനം നടത്തിയത്. അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വെള്ളം എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. ശേഷം ചുറ്റുമതിലും സുരക്ഷവേലികളും സ്ഥാപിക്കും. 15 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കും. 12.5 കോടിയുടേതാണ് പദ്ധതി. ക്ലസ്​റ്റർ ഡെവലപ്​മെന്‍റ്​ പദ്ധതി പ്രകാരം 5.77 കോടി കേന്ദ്രസഹായം ലഭിക്കും. സുഗന്ധ വ്യഞ്ജനതൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. പാര്‍ക്കില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ് കെട്ടിടം, ഡോക്യുമെന്റേഷൻ സെന്റർ, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്പോസ്​റ്റ്​ ഓഫിസ്, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാൻറീൻ എന്നീ സൗകര്യങ്ങൾ പാർക്കിന്‍റെ ചുമതലക്കാരായ കിന്‍ഫ്ര സജ്ജമാക്കും. ജലം, വൈദ്യുതി, റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാൻറ്​, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും തയാറാക്കും. ഏലം, കുരുമുളക് എന്നിവയുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടി അനുവദിച്ചതോടെയാണ് പദ്ധതിയുടെ തുടക്കം. നെടുങ്കണ്ടത്തിനടുത്ത് പച്ചടിയിൽ 100 ഏക്കറും മുട്ടത്ത് 90 ഏക്കറും സ്ഥലമേറ്റെടുത്ത് സ്‌പൈസസ് പാർക്ക് നിർമിക്കുന്നതിനായിരുന്നു. എന്നാൽ, പട്ടയഭൂമി ലഭ്യമല്ലാതായതോടെ പച്ചടിയിൽ പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് മുട്ടം തുടങ്ങനാടിൽ 90 ഏക്കർ ഭൂമി കണ്ടത്താൻ നടപടി ആരംഭിച്ചു. പിന്നീട് 33.57 ഏക്കർ ഏറ്റെടുത്താൽ മതിയെന്ന് സ്​പൈസസ് ബോർഡ് അധികൃതർ അറിയിച്ചതോടെ സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.