ഗുണ്ടുമല കൊലപാതകം: പൊലീസിന് മുന്നിൽ സംഭവം പുനരാവിഷ്കരിച്ച് പ്രതികൾ

മൂന്നാർ: ഗുണ്ടുമലയിലെ അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം പൊലീസിന്​ മുന്നിൽ പുനരാവിഷ്കരിച്ച് പ്രതികൾ. റിമാൻഡിലായിരുന്ന ഷാദേവ് ലാംങ്, ഡാബു ചാമ്പിയ എന്നീ പ്രതികളെ പൊലീസ്​ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയായിരുന്നു തെളിവെടുപ്പ്. ​ഝാർഖണ്ഡ്​ സ്വദേശിയായ ശരൺ സോയി എന്ന തൊഴിലാളിയാണ്​ കൊല്ലപ്പെട്ടത്​. ചൊവ്വാഴ്ച് വൈകീട്ട്​ മൂന്നോടെയാണ്​ രണ്ട് പ്രതികളെയും പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചത്​. കൊലപാതകം നടന്ന ദിവസത്തെ മുഴുവൻ രംഗങ്ങളും പ്രതികൾ പൊലീസിന്റെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചു. ശരൺ സോയിയെ പിടിച്ചുനിർത്തിയ രീതിയും പിന്നിൽനിന്ന്​ തലയിൽ വെട്ടിയതും മൃതദേഹത്തിൽ തോർത്തുകൊണ്ട് കെട്ടിയശേഷം തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ട് പോയ രീതിയും ഇരുവരും പൊലീസിന്​ കാണിച്ചുകൊടുത്തു. ഇതെല്ലാം പൊലീസ് വിഡിയോയിൽ പകർത്തി. ഗുണ്ടുമലയിലെ തെളിവെടുപ്പിനുശേഷം ഇരുവരെയും തലയാറിലേക്ക് കൊണ്ടുപോയി. ഇവർ രക്ഷപെടാൻ ഉപയോഗിച്ച ബൈക്ക് തലയാറിലെ അമ്പലത്തിന് സമീപമുള്ള കടയിൽ ഏൽപിച്ചാണ് നാടുവിട്ടത്. ഈ കടയിലെത്തി ബൈക്കിന്റെ താക്കോൽ പൊലീസ് വാങ്ങി. കൊല്ലാൻ ഉപയോഗിച്ച വാക്കത്തി കഴിഞ്ഞ ദിവസം പ്രതികൾ തന്നെ പൊലീസിന് എടുത്തു കൊടുത്തിരുന്നു. ജനുവരി 23ന് രാത്രിയാണ് ശരൺ സോയി കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്.ഐ അനൂപ് മോന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ചത്തെ തെളിവെടുപ്പിന് എസ്​.എച്ച്​.ഒ കെ.പി. മനേഷ് നേതൃത്വം നൽകി. എസ്​​.ഐമാരായ പി.പി. ഷാജി, കെ.ഡി. ചന്ദ്രൻ, അഷ്റഫ്, വേണു എന്നിവരും ഉണ്ടായിരുന്നു. ചിത്രം 1 പ്രതികൾ കൊലപാതകം നടത്തിയ രീതി പൊലീസി​നോട്​ വിശദീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.