പെരുവന്താനം പഞ്ചായത്തിലെ ക്രമക്കേട്​: വിജിലൻസ്​ അന്വേഷണത്തിന്​ ശിപാർശ

പെരുവന്താനം: പെരുവന്താനം പഞ്ചായത്തിലെ മുന്‍ എല്‍.ഡി.എഫ് ഭരണസമിതിയുടെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് പഞ്ചായത്ത് കമ്മിറ്റി ശിപാര്‍ശ ചെയ്തതായി പ്രസിഡന്‍റ്​ ഡൊമിന സജി, വൈസ്​ പ്രസിഡന്‍റ്​ ഷാജി പുല്ലാട്ട് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 2015-20ല്‍ പഞ്ചായത്ത് ഭരിച്ച എല്‍.ഡി.എഫ് ഭരണസമിതി കോടിക്കണക്കിന് രൂപയുടെ ക്ര​മക്കേട്​ നടത്തിയതായി അവർ ആരോപിച്ചു. 2018-19ൽ ശബരിലെ ഫണ്ടില്‍ അഞ്ചുലക്ഷം രൂപ വകമാറ്റിയതില്‍ അന്നത്തെ സെക്രട്ടറിക്ക്​ സസ്‌പെന്‍ഷനും പ്ലാന്‍ ക്ലര്‍ക്കിന് സ്ഥലംമാറ്റവും ലഭിച്ചിരുന്നു. 2018-19ലെ പ്രളയത്തിന്‍റെ മറവില്‍ റോഡിലെ മണ്ണ് നീക്കിയെന്ന പേരില്‍ എട്ടുലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയതായും 2019ലെ വേനലില്‍ ഗ്രാമപഞ്ചായത്തിൽ 47 കുളങ്ങള്‍ നിർമിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കി 4.70 ലക്ഷം രൂപയുടെ തട്ടിപ്പ്​ നടത്തിയതായും അവർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഇടത്​ അംഗങ്ങൾ മണിക്കല്‍ ലേക്കിന്‍റെ പേരില്‍ ബഹളംവെച്ച്​ ഇറങ്ങിപ്പോകുകയായിരുന്നു. സാധാരണക്കാരന്​ അർഹതപ്പെട്ടത്​ തട്ടിയെടുത്തവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതോടെ ചില അടിസ്ഥാനരഹിത ആരോപണവുമായി ഇറങ്ങിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പഞ്ചായത്ത്​ അംഗങ്ങളായ എബിന്‍ കുഴിവേലി, ഗ്രേസി ജോസ് എന്നിവരും പങ്കെടുത്തു. കുടിവെള്ളമില്ല; കോളനിവാസികൾ ദുരിതത്തിൽ കരിങ്കുന്നം: കരിങ്കുന്നം പഞ്ചായത്തിലെ ഐ.എച്ച്​.ഡി.പി കോളനിയായ അഞ്ച്​, ആറ്​ വാർഡുകൾ കുടിവെള്ളക്ഷാമം മൂലം വലയുന്നു. ജില്ല, ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കേരള വികസന പദ്ധതിപ്രകാരം ഇവിടെ ഇല്ലിചാരി കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കിയിരുന്നു. 300ഓളം കുടുംബങ്ങൾ ഈ പദ്ധതിയെ ആണ്​ ​ആശ്രയിക്കുന്നത്​. എന്നാൽ, കോളനിവാസികൾക്ക്​ ആവശ്യത്തിനുള്ള വെള്ളം ഈ പദ്ധതിയിൽനിന്ന്​ ലഭിക്കുന്നില്ല. ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തും വിഷയത്തിൽ ഇടപെടുന്നില്ലെന്ന്​ ആക്ഷേപമുണ്ട്​. കോളനിവാസികളിൽ ഭൂരിഭാഗവും ക്ഷീരകർഷകരും കൂലിപ്പണിക്കാരുമാണ്​. ഇവർ 600 മുതൽ 900 രൂപ വരെ നൽകി കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്​. ഇല്ലിചാരി കുടിവെള്ള പദ്ധതി ജല അതോറിറ്റിയെ ഏൽപിച്ച്​ പ്രശ്നപരിഹാരം വേണമെന്നാണ്​ പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.