പ്രസിഡന്‍റ്​ എൽ.ഡി.എഫിനൊപ്പം; കുടയത്തൂരിൽ യു.ഡി.എഫിന്​ ഭരണം പോയി

കാഞ്ഞാർ: പഞ്ചായത്ത് പ്രസിഡന്‍റ്​ എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ കുടയത്തൂർ പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയൻ എൽ.ഡി.എഫിനൊപ്പം പോയതോടെയാണ് ഭരണം നഷ്ടമായത്​. യു.ഡി.എഫ് പാനലിൽ കേരള കോൺഗ്രസ് പ്രതിനിധിയായാണ് ഏഴാം വാർഡിൽനിന്ന്​ ഉഷ വിജയൻ തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ പഞ്ചായത്തിൽ കോൺഗ്രസ് നാല്​, മുസ്​ലിം ലീഗ് ഒന്ന്​, കേരള കോൺഗ്രസ് ഒന്ന്​, സി.പി.എം നാല്​, സി.പി.ഐ ഒന്ന്​, ബി.ജെ.പി രണ്ട്​ എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിലെ ധാരണപ്രകാരം ആദ്യ ഒരുവർഷം കേരള കോൺഗ്രസിനും തുടർന്നുള്ള നാല് വർഷം കോൺഗ്രസിനുമാണ്​ പ്രസിഡന്‍റ്​ സ്ഥാനം. 2020 ഡിസംബർ 30നാണ് ഭരണസമിതി അധികാരമേറ്റത്. കഴിഞ്ഞ ഡിസംബറിൽ ധാരണപ്രകാരം ഒരുവർഷം പൂർത്തിയായെങ്കിലും ഒരുമാസം കൂടി സാവകാശം ചോദിച്ചുവാങ്ങിയിരുന്നു. ആ കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെ ഇടതു പാളയത്തിലേക്ക് ചേക്കേറി പ്രസിഡൻറ് പദവി നിലനിർത്തുകയായിരുന്നു. പ്രസിഡന്‍റും യു.ഡി.എഫിലെ മറ്റ് അംഗങ്ങളുമായി അത്ര ചേർച്ചയിലായിരുന്നില്ല. എൽ.ഡി.എഫ്​ പിന്തുണയോടെ കാലാവധി കഴിയുന്നതുവരെ പ്രസിഡൻറ് പദത്തിൽ തുടരാൻ കരുക്കൾ നീക്കിയാണ് ഉഷ വിജയൻ മറുകണ്ടം ചാടിയത്. മുന്നണി നേതൃത്വവുമായി സഹകരിക്കാതെ സി.പി.എം നിർദേശപ്രകാരമാണ്​ പ്രസിഡൻറ്​ പ്രവർത്തിച്ചതെന്ന ആരോപണം യു.ഡി.എഫിൽ ശക്തമാണ്​. അധികാരത്തിൽ തുടരാൻ ഉഷ വിജയൻ നടത്തിയത് ജനാധിപത്യവിരുദ്ധവും വഞ്ചനപരവുമായ നടപടിയാണെന്നും ഇതിനെതിരെ കൂറുമാറ്റ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് കൺവീനർ എം.ജെ. ജേക്കബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.