റബർ തോട്ടങ്ങളിൽ തീപിടിത്ത സാധ്യത കൂടുതൽ തൊടുപുഴ: വേനൽ കടുത്തതോടെ തീപിടിത്തം മൂലമുള്ള നാശനഷ്ടങ്ങളുടെ ഭീതിയിലാണ് ജില്ല. തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുൻ വർഷങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തും തന്നെ ഇല്ലാതാക്കിയിരുന്നു. ഹെക്ടർ കണക്കിന് വനമേഖലയും കൃഷി സ്ഥലങ്ങളും വസ്തു വകകളുമാണ് ഓരോ വേനലിലും കത്തി നശിക്കുന്നത്. തീപിടിത്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിലപ്പെട്ട സ്വത്തുവകകൾ സംരക്ഷിക്കുന്നതിനും തീപിടിത്തം തടയുന്നതിനുമായി മുന്നൊരുക്കങ്ങൾ നടത്തണമെന്ന് അഗ്നിരക്ഷ സേന ജാഗ്രത നിർദേശം നൽകുന്നു. വനമേഖല കഴിഞ്ഞാൽ ജില്ലയിൽ റബർ തോട്ടങ്ങളിലാണ് കൂടുതലും തീപിടിത്തങ്ങൾ. തോട്ടങ്ങളിൽ പൈനാപ്പിൾ കൃഷിക്കുശേഷം കൂട്ടിയിട്ട മാലിന്യങ്ങളിൽനിന്ന് തീപിടിത്തമുണ്ടായി തൈ റബർ മരങ്ങൾക്ക് പൊള്ളലേറ്റ് കനത്ത നാശനഷ്ടം സംഭവിക്കാറുണ്ട്. സ്വന്തം തോട്ടങ്ങളിൽ ഫയർലൈൻ നിർമിച്ച് അഗ്നി സുരക്ഷ ഒരുക്കുന്നത് ഒരു പരിധിവരെ സഹായകമാണെന്ന് അഗ്നിരക്ഷ സേന മുന്നറിയിപ്പ് നൽകുന്നു. ഇതുകൂടാതെ വേനൽക്കാലത്ത് ശക്തമായ കാറ്റ് ഉണ്ടാവുന്ന സാഹചര്യങ്ങളിൽ ഇലക്ട്രിക് ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരി വീണും തീപിടിത്തം ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യമുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെട്ട് ഒഴിവാക്കണം. പറമ്പുകളിൽ തീയിടുമ്പോൾ ശക്തമായ കാറ്റിൽ തീപ്പൊരികൾ പടർന്ന് തീപിടിത്തം ഉണ്ടാകാറുണ്ട്. തീ പടർന്നാൽ അണക്കാൻ ആവശ്യമായ വെള്ളമുണ്ടെന്ന മുൻകരുതലുകൾ സ്വീകരിച്ചശേഷം മാത്രം ചപ്പുചവറുകൾ കത്തിക്കുന്നതിന് ശ്രമിക്കുക. റബർ ഷീറ്റുകൾ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മെഴുക് എന്നിവ ശക്തമായ ചൂടിൽ എത്തുമ്പോൾ സ്വയം കത്തുന്നതിന് സാധ്യതയുണ്ട്. അടച്ചിട്ടതും വായുസഞ്ചാരം കുറഞ്ഞതുമായ മുറികളിൽ ഇവ ധാരാളം സ്റ്റോക്ക് ചെയ്യുന്നതുമൂലം അമിതമായി ചൂടായി സ്വയം കത്തുന്നതിനും സാധ്യത ഉണ്ടെന്ന് അഗ്നിരക്ഷ സേന പറയുന്നു. ----- ജാഗ്രത വേണം കിണറിലിറങ്ങുമ്പോൾ വേനൽക്കാലങ്ങളിൽ ഉണ്ടാവുന്ന മറ്റൊരു അപകടമാണ് കിണർ അപകടങ്ങൾ. കിണർ തേകുന്നതിന് ഇറങ്ങുന്നവർ ശ്വാസം കിട്ടാതെ അപകടത്തിൽ പെടുകയോ തിരിച്ച് കയറിൽ തൂങ്ങി കയറുന്നതിന് ശ്രമിക്കുമ്പോൾ കൈകൾ കുഴഞ്ഞ് കിണറ്റിൽ തന്നെ വീഴുകയോ ചെയ്യാറുണ്ട്. കിണർ മൂടി ഇരിക്കുന്ന വലകൾ പൂർണമായും മാറ്റി വായുസഞ്ചാരം ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കിണർ തേകുന്ന വെള്ളം തന്നെ കുറച്ച് നേരം കിണറ്റിലേക്ക് പമ്പ് ചെയ്തോ നിവർത്തിയ കുടയോ ചപ്പുചവറുകളോ കയറിൽ കെട്ടി പൊക്കുകയും താഴ്ത്തുകയും ചെയ്ത് ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം കിണറിൽ ഇറങ്ങണം. കുഴഞ്ഞു വീണത് കണ്ട് കൂടുതൽ ആളുകൾ കിണറ്റിൽ ഇറങ്ങി അപകടത്തിൽ പെടാതെ ആവശ്യമായ വായുസഞ്ചാരം മേൽപറഞ്ഞ രീതിയിൽ ഉറപ്പാക്കുക. ആവശ്യമായ വായുസഞ്ചാരം ഇല്ലാത്തതുമൂലം കുഴഞ്ഞു വീഴുകയും പിന്നീട് മസ്തിഷ്ക മരണം സംഭവിക്കുകയാണ് ചെയ്യുന്നത്. വളർത്തുമൃഗങ്ങൾ വേനൽക്കാലങ്ങളിൽ കിണറ്റിൽ അകപ്പെടുന്ന സംഭവങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. കിണറിന് ആവശ്യമായ ഉയരത്തിൽ ചുറ്റുമതിൽ നിർമിക്കുകയാണ് ഇതിന് പരിഹാരമെന്ന് അഗ്നിരക്ഷ സേന മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.