കോവിഡ്​; മുൻകരുതലും സൗകര്യങ്ങളും പേരിനുമാത്രം

ഗ്രാമ പ്രദേശങ്ങളിൽ പരിശോധന-വാക്സിനേഷൻ സൗകര്യങ്ങളില്ല കട്ടപ്പന: കോവിഡ് ഒന്നും രണ്ടും തരംഗങ്ങളിൽ സർക്കാർ സ്വീകരിച്ച മുൻകരുതലും സൗകര്യങ്ങളും പേരിനുമാത്രമെന്ന്​ ആക്ഷേപം. ദിവസങ്ങളായി ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 2000ത്തിന്​ അടുത്താണ്. ഹൈറേഞ്ചിലെ ഗ്രാമീണ മേഖലകളായ ഉപ്പുതറയിലും അയ്യപ്പൻകോവിലും അടക്കം പരിശോധന കേന്ദ്രങ്ങൾ വെട്ടിക്കുറച്ചതും മുമ്പ് എല്ലാ പഞ്ചായത്തിലും പ്രവർത്തിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ്​ സൻെററുകൾ നിർത്തിയതും തിരിച്ചടിയാണ്. ഇപ്പോൾ നിലവിൽ കോവിഡ് സെക്കൻഡറി ലെവൽ ട്രീറ്റ്മെന്‍റ്​ സെന്‍റർ കട്ടപ്പനയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. രോഗികൾ പലരും ഇവിടെ പ്രവേശനത്തിന്​ ശ്രമിച്ച്​ നിരാശരാകുകയാണ്. മുമ്പ് വാക്സിനേഷൻ ഓരോ പഞ്ചായത്തിലും പ്രത്യേകമായി സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വാക്സിനേഷനും കോവിഡ് പരിശോധനയും നടത്തുന്നത്. ഇവ ഒരുമിച്ച് നടക്കുന്ന ദിവസങ്ങളിൽ ആശുപത്രികൾ തന്നെ കോവിഡ് രോഗവിതരണ കേന്ദ്രങ്ങളായി മാറുന്നു എന്ന ആക്ഷേപമുണ്ട്. ഗ്രാമീണമേഖലയിലെ കോവിഡ് പ്രതിരോധത്തിന് മുമ്പത്തെ പോലെ സർക്കാർ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ല. ഗ്രാമപ്രദേശങ്ങളിൽ പരിശോധനക്കും ചികിത്സക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്. പരിശോധനഫലം വരാൻ ആറുദിവസം വരെ താമസം ഉണ്ടാവുന്നതും പലരും സ്വയം ചികിത്സക്ക്​ മുതിരുന്നതും രോഗവ്യാപന സാഹചര്യം സൃഷ്ടിക്കുകയാണ്. രോഗവ്യാപനം കണക്കാക്കി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഡി.സി.സി, സി.എഫ്.എൽ.ടി.സി കേന്ദ്രങ്ങൾ പുനരാരംഭിക്കുകയും തോട്ടം കാർഷിക മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അടക്കം പരിശോധനക്കും ചികിത്സകൾക്കും വേണ്ടത്ര സൗകര്യമൊരുക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.