വിവരം ചോർത്തിയ സംഭവം; പൊലീസുകാരന്​​ കാരണം കാണിക്കൽ നോട്ടീസ്​

തൊടുപുഴ: പൊലീസി‍ന്‍റെ ഔദ്യോഗിക ഡേറ്റബേസിൽനിന്ന്​ ആർ.എസ്​.എസ്​-ബി.ജെ.പി നേതാക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന പരാതിയിൽ പൊലീസുകാരന്​​ കാരണം കാണിക്കൽ നോട്ടീസ്​. കരിമണ്ണൂർ പൊലീസ്​ സ്​റ്റേഷനിലെ സിവിൽ പൊലീസ്​ ഓഫിസർ പി.കെ. അനസിനാണ്​ ജില്ല പൊലീസ്​ മേധാവി കാരണം കാണിക്കൽ നോട്ടീസ്​ നൽകിയത്​. ജോലിയിൽനിന്ന്​ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന്​​ കാട്ടിയാണ്​ നോട്ടീസ്​. ഡിസംബർ മൂന്നിന് മതസ്പർധ വളർത്തുന്ന രീതിയിൽ ഫേസ്​ബുക്ക് പോസ്റ്റ്​ ഇട്ടെന്ന് ആരോപിച്ച് തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണിലെ വാട്ട്സ്ആപ്പിലേക്ക് കരുതലെന്ന നിലയിൽ പൊലീസ്​ ശേഖരിച്ച രാഷ്​​ട്രീയ നേതാക്കളുടെ വിവരങ്ങൾ അനസ് അയച്ചതായി തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഡിസംബർ 22ന് അനസിനെ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സസ്‌പെൻഡ്​ ചെയ്യുകയും ചെയ്തിരുന്നു. കേസിൽ വകുപ്പുതല അ​ന്വേഷണം നടത്തിയ നാർകോട്ടിക്​ സെൽ ഡിവൈ.എസ്​.പി എ.ജി. ലാൽ ജില്ല പൊലീസ്​ മേധാവിക്ക്​ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ പൊലീസുകാരന്​​ നോട്ടീസ്​ നൽകിയിരിക്കുന്നത്​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.