നെടുങ്കണ്ടം ടൗണിൽ തുടര്‍ക്കഥയായി വാഹനാപകടങ്ങൾ

നെടുങ്കണ്ടം: ടൗണില്‍ വാഹനാപകടങ്ങളും മരണവും തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ രണ്ട് ജീവനാണ് പൊലിഞ്ഞത്. രണ്ടും ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്ത യുവാക്കളാണ്. വെള്ളിയാഴ്ച രാവിലെ നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്​ഷനിലുണ്ടായ അപകടത്തില്‍ സന്യാസിയോട സ്വദേശി ജിമ്മി ജോര്‍ജാണ്​ (19) മരിച്ചത്​. ജിമ്മി സഞ്ചരിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച ഒന്നരക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അമിതവേഗതയില്‍ എത്തിയ ബൈക്കിടിച്ച്​ വിദ്യാർഥി മരിച്ചിരുന്നു. നെടുങ്കണ്ടം ചക്കക്കാനം കല്ലൂംകൂട്ടത്തില്‍ ജോയിയുടെ (കുര്യന്‍) മകന്‍ അപ്പു എന്നുവിളിക്കുന്ന സൂരജാണ്​ (24) മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സമീപത്തെ ബേക്കറിയുടെ ജനറേറ്ററിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരുമാസത്തിനിടെ ചെറുതും വലുതുമായ രണ്ട് ഡസനോളം വാഹനാപകടങ്ങളാണ് ഉണ്ടായത്. ടൗണിലെ വാഹനങ്ങളുടെ ഒഴുക്ക് ക്രമീകരിക്കാന്‍ ഒരു നടപടിയും അധികൃതര്‍ കൈക്കൊള്ളുന്നില്ല. അപകടം ഉണ്ടാകു​മ്പോൾ മാത്രം പരിശോധനകളുമായി രംഗത്തെത്തുന്ന അധികൃതർ റോഡ്​ സുരക്ഷയുമായി ബന്ധപ്പെട്ട്​ തുടർനടപടികൾ സ്വീകരിക്കണമെന്നാണ്​ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.