പെരിയാറിൽ നീ​രൊഴുക്ക് നിലക്കുന്നു; ഹൈറേഞ്ച് വരൾച്ചയിലേക്ക്

P/4 lead... ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയാകുമെന്ന്​ ആശങ്ക കട്ടപ്പന: മഴ നിലക്കുകയും വേനൽ ശക്തമാകുകയും ചെയ്തതിനെത്തുടർന്ന്​ പെരിയാർ നദിയിലെ നീരൊഴുക്ക്​ നിലക്കുന്നു. ഇതോടെ, ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങൾ വരൾച്ചയിലേക്ക്​ നീങ്ങുകയാണ്​. പെരിയാർ നദിയിൽ വളരെ നേരിയ തോതിൽ ഒരു ഭാഗത്തുകൂടി മാത്രമാണ് വെള്ളം ഒഴുകുന്നത്. മഴ വിട്ടുനിന്നാൽ ഏതാനും ദിവസത്തിനകം ഇതും നിലക്കും. ഇത്​ പെരിയാർതീരത്ത്​ ജലക്ഷാമം രൂക്ഷമാക്കും. പെരിയാർ നദിയിലെ വെള്ളമാണ് ഭൂരിഭാഗം ആളുകളും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി താഴുന്നതോടെ നദി തീരത്തെ കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങും. മൂന്നു മാസം മുമ്പ് പെരിയാർ ജല സമൃദ്ധമായിരുന്നു. ഇക്കഴിഞ്ഞ മഴക്കാലത്ത് ആർത്തിരമ്പിയ പെരിയാർ ഇന്ന് നീർച്ചാലിന് സമാനമായി മാറുകയാണ്. വേനൽ ആരംഭത്തിൽ തന്നെ പെരിയാർ വരൾച്ചയുടെ പിടിയിലായി. തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ വൈകാതെ കുടിവെള്ളക്ഷാമത്തിലേക്ക്​ നിങ്ങും. നീരൊഴുക്ക് കുറഞ്ഞതോടെ പെരിയാറിലെ ജലം മലിനമാകുന്നുമുണ്ട്, ഇത് ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയാക്കുമെന്ന ആശങ്കയും തീരദേശ വാസികൾക്കിടയിലുണ്ട്. പെരിയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണ് ഈ മേഖലയിലുള്ളത്. പെരിയാർ വറ്റുന്നതോടെ ഈ പദ്ധതികളുടെ പ്രവർത്തനവും ദുഷ്കരമാകും. പ്രളയത്തിനുശേഷം ജലലഭ്യതയിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് തീരദേശവാസികൾ പറയുന്നത്. വേനൽ കനത്താൽ പെരിയാറിലെ ലക്ഷക്കണക്കിന് ജലജീവികളുടെ ആവാസവ്യവസ്ഥയും ഇല്ലാതാകും. കർഷകരും ആശങ്കയിൽ വേനലിന്​ മുമ്പേ ഹൈറേഞ്ച് ചുട്ടുപൊള്ളാന്‍ തുടങ്ങിയതോടെ കർഷകരും ആശങ്കയിലാണ്‌. വിളകള്‍ക്ക് രൂക്ഷമായ വിലത്തകര്‍ച്ച നേരിടുകയും കോവിഡ് വ്യാപനം രൂക്ഷമാകുകയും ചെയ്യുമ്പോഴാണ് അമിത ഉഷ്ണവും തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 28-30 ഡിഗ്രിയോളമാണ് പകല്‍ ചൂട് അനുഭവപ്പെട്ടത്. രാത്രിയില്‍ മഞ്ഞും തണുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിലും രാവിലെ ഒമ്പത് ആകുന്നതോടെ തന്നെ വെയിലിനു ചൂട് കൂടുന്നതാണ് പതിവ്. വെയില്‍ രൂക്ഷമായതോടെ ഏലം ഉള്‍പ്പെടെ വിളകള്‍ കരിഞ്ഞു തുടങ്ങി. പെരിയാറിന്​ പിന്നാലെ പോഷക നദികളിലെ നീരൊഴുക്കും കുറയുകയാണ്. ചെറിയ തോടുകളും വറ്റിത്തുടങ്ങി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഫെബ്രുവരി പകുതിയോടെ കടുത്ത വറുതിയായിരിക്കും ജില്ലയില്‍ ഉണ്ടാകുക . ഏലം കൃഷിയെയാണ് ചൂട് കൂടുതലായി ബാധിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും വേനല്‍കാലങ്ങളില്‍ ഏലം വ്യാപകമായി കരിഞ്ഞുണങ്ങിയിരുന്നു. ഇപ്പോള്‍ വേനല്‍ തുടങ്ങും മുമ്പേ ചെടികള്‍ കരിയുകയാണ്. നനച്ചു കൊടുത്തിട്ടും ചെടികൾ കരിഞ്ഞുണങ്ങുന്നതായി കര്‍ഷകര്‍ പറയുന്നു. ഫോട്ടോ. പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.