കഞ്ചാവും എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ

തൊടുപുഴ: കഞ്ചാവും എം.ഡി.എം.എയുമായി രണ്ട്​ കേസിലായി നാലുപേരെ തൊടുപുഴ പൊലീസ് പിടികൂടി. പടി.കോടിക്കുളം വെള്ളംചിറി പന്നത്ത് വീട്ടില്‍ ഷമല്‍ ഹംസ (22), ഐരാമ്പിള്ളി പുത്തന്‍പുരയില്‍ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്‌സല്‍ നാസര്‍ (22) എന്നിവര്‍ കാറില്‍ ലഹരി ഉൽപന്നങ്ങള്‍ വില്‍പന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇവരില്‍നിന്നും 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എം.ഡി.എം.എയും പിടികൂടി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ റോട്ടറി ജങ്​ഷന്​ സമീപത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനത്തിന്​ മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറില്‍നിന്നാണ് പ്രതികളെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. പിന്നീട് പട്ടയംകവലയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഫ്‌സലിന്റെ സഹോദരന്‍ അന്തീനാട്ട് അന്‍സല്‍ നാസറിനെയും (24) പൊലീസ് അറസ്റ്റ്​ ചെയ്തു. ഇവിടെ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ മൂന്നുപേര്‍ നേരത്തേയും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ്​ പറഞ്ഞു. ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍നിന്നും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. തൊടുപുഴ ഡിവൈ.എസ്​.പിയുടെ അധികച്ചുമതല വഹിക്കുന്ന നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്​.പി എ.ജി. ലാലിന്റെ നേതൃത്വത്തില്‍ സി.ഐ വി.സി. വിഷ്ണുകുമാര്‍, എസ്‌.ഐമാരായ ബിജു ജേക്കബ്, അനില്‍, ഷാജി, എ.എസ്‌.ഐ ജബ്ബാര്‍, വനിത സി.പി.ഒ റസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.