പട്ടയം റദ്ദാക്കൽ; കോടികൾ തട്ടാനുള്ള കുറുക്കുവഴി -ഡി.സി.സി പ്രസിഡൻറ്​

തൊടുപുഴ: രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങളും ഒന്നായി റദ്ദ് ചെയ്ത കേരള സർക്കാർ നടപടി തികച്ചും മനുഷ്യത്വരഹിതമാണെന്നും കോടികൾ തട്ടാനുള്ള കുറുക്കുവഴിയാണിതെന്നും ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെയ്ത ഈ നടപടി ജില്ലയിലെ ജനങ്ങളെ വീണ്ടും വലിയ നിയമക്കുരുക്കുകളിലേക്കും പ്രതിസന്ധിയിലേക്കും എത്തിച്ചിരിക്കുകയാണ്. രവീന്ദ്രൻ നൽകിയ ഓരോ പട്ടയങ്ങളുടെയും സാധുത സർക്കാർ പരിശോധിച്ച് വ്യാജമെങ്കിൽ റദ്ദുചെയ്യണമായിരുന്നു. അതിനുപകരം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ഈ നടപടിക്ക്​ ന്യായീകരണവുമില്ല. സി.പി.എം മൂന്നാർ ഏരിയ കമ്മിറ്റി​ ഓഫിസിനുവേണ്ടി എം.എം. മണിയുടെ പേരിൽ നൽകിയ രവീന്ദ്രൻ പട്ടയ സ്ഥലത്താണ് സി.പി.എം ഓഫിസും അഞ്ച്​ നിലകളുള്ള റിസോർട്ടും സ്ഥിതിചെയ്യുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യംചെയ്യാൻ ആരെയും അനുവദിക്കില്ലെന്നാണ് എം.എം. മണിയുടെ വെല്ലുവിളി. സി.പി.ഐയുടെ മൂന്നാറിലെ ഓഫിസ്​ രവീന്ദ്രൻ നൽകിയ പട്ടയ സ്ഥലത്തായിരുന്നുവെങ്കിലും സി.പി.ഐയുടെ കൈവശം ഇരുന്ന റവന്യൂ വകുപ്പ് ഉപയോഗിച്ച് രവീന്ദ്രൻ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം സൃഷ്​ടിക്കുകയായിരുന്നു. സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളുമായാണ്​ സർക്കാർ മുമ്പോട്ടുപോകുന്നതെന്നും സി.പി. മാത്യു പറഞ്ഞു. തൊടുപുഴ മാസ്റ്റർ പ്ലാൻ; യോഗം മാറ്റിവെച്ചു തൊടുപുഴ: കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ തൊടുപുഴ മാസ്റ്റർ പ്ലാൻ ചർച്ചചെയ്യുന്നതിനായി പി.ജെ. ജോസഫ് എം.എൽ.എ വിളിച്ചുചേർത്ത ജനുവരി 24ലെ യോഗം മാറ്റി​വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.