എന്‍റെ ഇടുക്കി (ലോക്കൽ പേജ്​ കോളം)

ദിലീഷ്​ നായർ (സംവിധായകൻ, നടൻ) TDL Dileesh Nair ഒരു പച്ചപ്പിന്‍റെ തലോടൽ ഇടുക്കിയുടേതായ പ്രത്യേകതകൾ ഒരുപാടുണ്ട്​. മലിനീകരണം കുറവ്​, ആളുകൾക്കിടയിൽ നല്ല ബന്ധങ്ങൾ, സമാധാനം നിറഞ്ഞ സാമൂഹിക ജീവിതം, എല്ലാവരെയും സ്വാഗതം ചെയ്യുന്ന മനോഭാവം ഇതെല്ലാം ഇടുക്കിയുടെ പൊതുസ്വഭാവത്തിലെ ഘടകങ്ങളാണ്​. ഓരോ ഇടുക്കിക്കാരനും കർഷകന്‍റെ മനസ്സാണ്​. ഞാൻ ജനിച്ചതും വളർന്നതും തൊടുപുഴക്കടുത്ത്​ മണക്കാടാണ്. മണക്കാട്​ എൻ.എസ്​.എസ്​ സ്കൂളിലും ന്യൂമാൻ കോളജിലുമാണ്​ പഠിച്ചത്​. സിനിമയോട്​ ചെറുപ്പംമുതൽ താൽപര്യമുണ്ടായിരുന്നു. ഇടുക്കി നിരവധി സിനിമകളുടെ ലൊക്കേഷനായത്​ എനിക്ക്​ സിനിമയിലെത്താൻ സഹായകമായി. അതുവരെ ഞാൻ അനിമേഷൻ രംഗത്താണ്​ പ്രവർത്തിച്ചത്​. ഇടുക്കിയിലെ ജനങ്ങൾ അധ്വാനശീലരും നിഷ്കളങ്കരുമാണ്​. ഇടതൂർന്ന വനങ്ങളും ഇത്രയേറെ അണക്കെട്ടുകളും മനംകുളിർപ്പിക്കുന്ന കാലാവസ്ഥയുമെല്ലാം ഇടുക്കിക്ക്​ മാത്രം അവകാശപ്പെട്ടതാണ്​. ഇ​തെല്ലാം എല്ലാക്കാലത്തും ഇങ്ങനെത​ന്നെ പരിരക്ഷിക്കപ്പെടണം. മഴക്കൊന്നും ഒരു പഞ്ഞവുമില്ലാത്തത്​ ഇടുക്കിക്ക്​ പ്രകൃതി നൽകിയ അനുഗ്രഹമാണ്​. തമിഴ്​നാട്ടിൽനിന്ന്​ ​യാത്രചെയ്ത്​ അതിർത്തി കടക്കുമ്പോൾ ഇടുക്കിയിലെ പ്രകൃതിയുടെ മാറ്റം ശരിക്കും തിരിച്ചറിയാം. വളരെ ഊഷരമായ ഭൂമിയിൽനിന്ന്​ പച്ചപ്പിന്‍റെ ഒരു തലോടലിലേക്ക്​ കടക്കുന്ന അനുഭവമാണത്​. ഇടുക്കിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പോകാൻ കഴിഞ്ഞിട്ടുണ്ട്​. കൊട്ടക്കാമ്പൂരും പൈനാവുമെല്ലാം വളരെ ഇഷ്ടമാണ്​. 24 ഡി​ഗ്രിയിൽ കൂടുതൽ താപനിലയില്ലാത്ത ഒട്ടേറെ സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്​. മഴയുടെയും തണുപ്പിന്‍റെയും വ്യത്യസ്ത അനുഭവങ്ങളാണ്​ ഇടുക്കിയിലെ ഓരോ പ്രദേശവും സമ്മാനിക്കുക. മനുഷ്യർക്ക്​ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലംകൂടിയാണ്​ ഇടുക്കി​. ജില്ലയിലെ അഞ്ച്​ താലൂക്കിനും അതിന്‍റേതായ പ്രത്യേകതകളുണ്ട്​. സിനിമക്ക്​ അനുകൂലമായ ഒരുപാട്​ ഘടകങ്ങളുള്ള സ്ഥലംകൂടിയാണ്​ ഇടുക്കി​. പട്ടണവും ഗ്രാമവും കാടുമെല്ലാം ചുരുങ്ങിയ ചെലവിൽ ചിത്രീകരിക്കാം. ഒരു നാടിന്‍റെ വളർച്ച എന്നത്​ ഒരിക്കലും ആ നാടിന്‍റെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാകരുത്​. ഇടുക്കിയുടെ ഇനിയുള്ള വളർച്ച താനെ ഉണ്ടായിക്കൊള്ളും. ഒരു മെട്രോ നഗരമാക്കി ഇടുക്കിയെ മാറ്റണമെന്നൊന്നും​ വാദിക്കാനാവില്ല. ജനം ആഗ്രഹിക്കുന്ന വികസനമാണ്​ ഒരു നാടിനുണ്ടാകേണ്ടത്​. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന്​ സർക്കാറുക​ളല്ല ആ നാട്ടിലെ ജനങ്ങളാണ്​ ഇനി തീരുമാനിക്കേണ്ടത്​. നമ്മൾ നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച്​, പ്രകൃതിയുടെ തനിമ നഷ്ടപ്പെടാത്ത വികസനം കൊണ്ടുവരാനാണ്​ ശ്രമിക്കേണ്ടത്​. ('ടമാർ പഠാർ' സിനിമയുടെ സംവിധായകനായ ദിലീഷ്​ നായർ സാൾട്ട്​ ആൻഡ്​ പെപ്പർ, ഇടുക്കി ഗോൾഡ്​, ഡാ തടിയാ തുടങ്ങിയ സിനിമകളുടെ സഹരചയിതാവായി പ്രവർത്തിക്കുകയും 22 ഫീമെയിൽ കോട്ടയം, വൈറസ്​, അഞ്ചാം പാതിര, നാരദൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.