കട്ടപ്പന: കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി അനുവദിച്ച സർക്കാർ ഫണ്ട് വിനിയോഗിക്കുന്നതിൽ കട്ടപ്പന നഗരസഭ ഭരണസമിതി പരാജയപ്പെട്ടെന്ന പ്രതിപക്ഷത്തിൻന്‍റെ ആരോപണത്തെ തുടർന്ന് കൗൺസിൽ യോഗത്തിൽ ബഹളം. ക്ഷേമകാര്യ സ്ഥിരംസമിതിയുടെ അനാസ്ഥയാണ് ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കാൻ പറ്റാത്തതിന് കാരണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. ഇതോടെ ഭരണസമിതിയിലെ കോൺഗ്രസ് അംഗം സിബി പാറപ്പായി വിശദീകരണവുമായി രംഗത്തെത്തി. അർഹതപ്പെട്ടവരുടെ പട്ടിക ലഭിച്ചിട്ടില്ലെന്ന് പ്ലാനിങ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയതോടെ ഭരണസമിതി വീണ്ടും വെട്ടിലായി. അതേസമയം, ക്ഷേമകാര്യ സമിതി അധ്യക്ഷൻ മനോജ് മുരളി കൗൺസിലിൽ പങ്കെടുത്തില്ല. 2020 - 21 സാമ്പത്തിക വർഷത്തിൽ എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് നൽകാനായി 10 ലാപ്ടോപ്പുകളാണ് വാങ്ങിയത്. 2021-22 സാമ്പത്തികവർഷത്തിൽ 14 ലാപ്ടോപ്പുകളും വാങ്ങി. എന്നാൽ, 34 വാർഡുകളിൽനിന്ന് അപേക്ഷ നൽകിയവരിൽനിന്ന് അർഹരായവരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അഞ്ച് എസ്.ടി കുടുംബങ്ങൾക്ക് വീട് നവീകരണത്തിനായി അനുവദിച്ച തുകയും വിനിയോഗിച്ചിട്ടില്ല. ഏഴ് ഷീ ഓട്ടോകൾ, അംഗപരിമിതർക്കുള്ള ഒമ്പത് മുച്ചക്ര വാഹനങ്ങൾ എന്നിവ നൽകുന്നതിനുള്ള പട്ടികയും തയാറായിട്ടില്ല. നഗരസഭ അധ്യക്ഷയോടുള്ള വിരോധവും കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുമാണ് ഫണ്ട് വിനിയോഗിക്കാത്തതിന് കാരണമെന്ന് എൽ.ഡി.എഫ് ആരോപിച്ചു. അതേസമയം പി.എം.എ.വൈ ഹഡ്കോ വായ്പ ഇനത്തിൽ നൽകേണ്ട തുക എസ്.സി ഫണ്ടിൽനിന്ന് 2,80,000 രൂപയും എസ്.ടി ഫണ്ടിൽനിന്ന് 26,666 രൂപയും കുറവ് ചെയ്തു. ഇപ്രകാരം നിലവിലെ പദ്ധതികൾ ഭേദഗതി ചെയ്യണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നിർദേശമുണ്ട്. മുന്നൂറോളം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇതിൽനിന്ന് ഏറ്റവും അർഹരായവരെ കണ്ടെത്താനെടുത്ത കാലതാമസം മാത്രമാണുണ്ടായതെന്നും ലാപ്ടോപ്പുകൾ ഈമാസം തന്നെ വിതരണം ചെയ്യുമെന്നുമാണ് ക്ഷേമകാര്യ സമിതിയുടെ വിശദീകരണം. ക്ഷേമകാര്യസ്ഥിരം സമിതിക്ക് വീഴ്ച്ച സംഭവിച്ചന്നെ പ്രതിപക്ഷത്തിന്‍റെ ആരോപണം പരിശോധിക്കുമെന്ന് ചെയർപേഴ്സൻ പറഞ്ഞു. എസ്.സി, എസ്.ടി വിഭാഗത്തിനുള്ള ലാപ്ടോപ്പുകളും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വീഴ്ച്ച സംഭവിച്ചതായി ചെയർപേഴ്സൻ ബീനാ ജോബി സമ്മതിച്ചു. ഉടൻ അർഹരായവരുടെ പട്ടിക തയാറാക്കിനൽകാൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനോട് ആവശ്യപ്പെടുമെന്നും 27ന് ആദ്യഘട്ട ലാപ്ടോപ്പുകൾ നൽകുമെന്നും നഗരസഭ അധ്യക്ഷ ബീന ജോബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.