തൊടുപുഴ: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിററ്റി ചെയര്‍പേഴ്സൻ കലക്ടർ ഷീബ ജോര്‍ജ് നിയന്ത്രണ മാർഗരേഖ പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക ആഘോഷങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ ആളുകളുടെ എണ്ണം പരമാവധി കുറക്കുക, എല്ലാവരും നിര്‍ബന്ധമായും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കുക, കൃത്യമായി സാമൂഹിക അകലം പാലിക്കുക, ഇടക്കിടെ കൈകള്‍ സാനിറ്റൈസ് ചെയ്യുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. കോവിഡ് വാക്സിനേഷന്‍ എത്രയും പെട്ടന്ന് സ്വീകരിക്കുക, പ്രായമായവര്‍, പാലിയേറ്റിവ് രോഗികള്‍ ഗുരുതര രോഗം ബാധിച്ചവര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, സ്വയം പ്രതിരോധമാണ് കോവിഡ് തടയുന്നതിനുള്ള ഉത്തമ മാര്‍ഗമെന്നും മാര്‍ഗരേഖ വിശദമാക്കുന്നു. കോവിഡ് വൈറസിന്‍റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ പ്രതിദിന കോവിഡ്-19 പോസിറ്റിവ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിക്കുന്നതിന്‍റെയും ആശുപത്രികളില്‍ അഡിമിറ്റ് ആകുന്നവരുടെ എണ്ണത്തിലെ വർധനവിന്‍റെയും അടിസ്ഥാനത്തില്‍, ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ താഴെപ്പറയുന്ന നിയന്ത്രണങ്ങള്‍ കൂടി ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തി. ആള്‍ക്കൂട്ടം നിരോധിച്ചു; ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യസര്‍വിസുകള്‍ മാത്രമേ അനുവദിക്കൂ. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന രണ്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, കാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലിചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനുവദിക്കും. ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം നിരോധിച്ചു. ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ല എന്നും, ആളുകള്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നു എന്നും സ്ഥാപന ഉടമ ഉറപ്പുവരുത്തണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇത് പരിശോധിക്കും. ജില്ലയിലെ വിനോദസഞ്ചകര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാൻ അനുവദിക്കരുത്. ഇക്കാര്യം ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം. മാളുകള്‍, കല്യാണ ഹാളുകള്‍, പാര്‍ക്കുകള്‍ മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നു എന്നുള്ള കാര്യം ഉറപ്പാക്കുന്നത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും. ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തണം. എന്നാല്‍, തെറപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത-സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ ഒരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി ജില്ല പൊലീസ് മേധാവി, സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമാര്‍, ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഞായറാഴ്ചകളില്‍ അനുവദിച്ച അവശ്യസേവനങ്ങള്‍ * സ്ഥാപന മേധാവി നിർദേശിച്ചാല്‍, അടിയന്തര സേവനങ്ങളും അവശ്യ സേവനങ്ങളും കോവിഡ്-19 നിയന്ത്രണങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ എല്ലാ സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളും സ്വയംഭരണ സ്ഥാപനങ്ങളും കോര്‍പറേഷനുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയവും പ്രവര്‍ത്തിക്കാം. ഇവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ഐഡന്‍റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. * അടിയന്തര സേവനങ്ങളും അത്യാവശ്യ സര്‍വിസുകളും കൈകാര്യം ചെയ്യുന്നതും 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതുമായ വ്യവസായങ്ങള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനങ്ങളുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം. * ടെലികോം, ഇന്‍റര്‍നെറ്റ് സേവനത്തില്‍ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനങ്ങളുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഐ.ടി കമ്പനികളില്‍ അത്യാവശ്യ ജീവനക്കാര്‍ മാത്രം ഓഫിസില്‍ എത്തി ജോലിചെയ്യേണ്ടതാണ്. * രോഗികള്‍ അവരുടെ സഹായികള്‍, വാക്‌സിനേഷന്‍ എടുക്കാനുള്ള ആളുകള്‍, അടിയന്തര കാര്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ആശുപത്രിയില്‍നിന്നുള്ള രേഖകളോ, വാക്‌സിനേഷന്‍ വിവരങ്ങളോ കാണിച്ച് യാത്ര ചെയ്യാം. * ദീര്‍ഘദൂര ബസ് സര്‍വിസുകള്‍ അനുവദിക്കും. വിമാനത്താവളങ്ങള്‍, ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയില്‍നിന്ന് യാത്രക്കാരെ കൊണ്ടുപോകുന്ന പൊതുഗതാഗതം, ചരക്ക് വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍ (കാബുകള്‍ ഉള്‍പ്പെടെ) എന്നിവ അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ടിക്കറ്റ്/യാത്ര രേഖകള്‍ കൈയില്‍ കരുതി മാത്രമേ യാത്ര അനുവദിക്കൂ. * ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, കള്ള്, മത്സ്യം, ഇറച്ചി, മീന്‍ എന്നിവ വില്‍ക്കുന്ന വ്യാപാരസ്ഥാനങ്ങള്‍ക്ക് രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാം. അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവ ഓണ്‍ലൈന്‍, ടേക്ക് എവേ വിതരണം മാത്രമായി രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. കല്യാണം, മരണം എന്നീ ചടങ്ങുകളില്‍ പരമാവധി 20 പേർക്ക് മാത്രം പങ്കെടുക്കാം. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. * ഇ-കോമേഴ്‌സ്, കൊറിയര്‍ കമ്പനികള്‍ക്ക് ഹോം ഡെലിവറിക്കായി രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. *സി.എന്‍.ജി/എല്‍.എന്‍.ജി/എല്‍.പി.ജി വിതരണം, മത്സര പരീക്ഷകള്‍, മത്സരാർഥികളുടെയും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യാത്രകള്‍ എന്നിവ അഡ്മിറ്റ് കാര്‍ഡ്/ഐഡന്‍റിറ്റി കാര്‍ഡ്/ഹാള്‍ ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ അനുവദിക്കും. *ഡിസ്പെന്‍സറികള്‍/മെഡിക്കല്‍ സ്റ്റോറുകള്‍/ ആശുപത്രികള്‍/മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍/നഴ്സിങ് ഹോമുകള്‍/ ആംബുലന്‍സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും ജീവനക്കാരുടെ യാത്രകളും അനുവദിക്കും. പ്രിന്‍റ് /ഇലക്ട്രോണിക് /ദൃശ്യ/സമൂഹ മാധ്യമങ്ങള്‍ എന്നിവക്കും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വാഹനങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണി ചെയുന്ന വര്‍ക്ഷോപ്പുകള്‍ക്കും മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.