നഗരസഭ കരട് മാസ്റ്റര്‍ പ്ലാന്‍: പരാതി നല്‍കാൻ സമയം നീട്ടി

വിവാദ വിഷയത്തിൽ താൽക്കാലികാശ്വാസം തൊടുപുഴ: നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതുസംബന്ധിച്ച് കഴിഞ്ഞ് 19നാണ് തദ്ദേശ വകുപ്പ് ഉത്തരവ് ഇറക്കിയത്. ഈ തീയതി മുതല്‍ 60 ദിവസത്തിനകം ജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. ജനങ്ങളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മാസ്റ്റര്‍ പ്ലാന്‍ വിഷയത്തിന്​ ഇതോടെ താൽക്കാലികാശ്വാസമായി. മാസ്റ്റര്‍ പ്ലാന്‍ മരവിപ്പിക്കണമെന്നും പരാതി നല്‍കാനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി വകുപ്പുമന്ത്രിക്ക്​ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കാനുള്ള സമയപരിധി രണ്ടുമാസംകൂടി നീട്ടിയത്. കോവിഡ് കാലമായതിനാല്‍ പൊതുചര്‍ച്ചകളോ യോഗങ്ങളോ നടത്താന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യം പരിഗണിച്ച് സമയം ദീര്‍ഘിപ്പിക്കാമെന്ന് ഇടുക്കി ടൗണ്‍ പ്ലാനറും സര്‍ക്കാറിനെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മാസ്റ്റര്‍ പ്ലാന്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ 60 ദിവസം നല്‍കിയിരുന്നെങ്കിലും ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചത് 45 ദിവസം പിന്നിട്ട ശേഷമായിരുന്നുവെന്നാണ് പരാതി. അതിനാല്‍ മാസ്റ്റര്‍ പ്ലാന്‍ ശരിയായ രീതിയില്‍ പരിശോധിച്ച് പരാതി സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്കായില്ല. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് നഗരസഭയിലെ കൂടുതല്‍ പേര്‍ക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. അതിനാല്‍ ലഭിച്ച കാലയളവില്‍ കുറച്ചുപേര്‍ മാത്രമാണ് പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.