എന്‍റെ ഇടുക്കി (ലോക്കൽ പേജ്​ കോളം)

കെ. ജീവൻ ബാബു (പൊതുവിദ്യാഭ്യാസ ഡയറക്ടർ) ചിത്രം: TDL Jeevan Babu ഞാൻ ജനിച്ചത്​ മൂലമറ്റത്താണ്​. അച്ഛനും അമ്മക്കും അവിടെയായിരുന്നു​ ജോലി. പിന്നീട്​ തൊടുപുഴക്ക്​ വന്നു. ജയ്​റാണി, ഡി പോൾ സ്കൂളുകളിലും ന്യൂമാൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത്​ ഐ.എ.എസിൽ വരുമെന്നൊന്നും ചിന്തിച്ചിട്ടില്ല. അക്കാലത്ത്​ ജില്ലയിൽ ​സിവിൽ സർവിസിലേക്ക്​ കന്നുവരുന്നവർ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ തേടാൻ പറ്റിയവരും ഉണ്ടായിരുന്നില്ല. അത്തരം ആളുകളെ കാര്യമായി കാണാനും കഴിഞ്ഞിട്ടില്ല. ​കലക്ടർമാർ ജില്ല ആസ്ഥാനമായ പൈനാവിലായതിനാൽ അവരുമായി ബന്ധപ്പെടാനുള്ള അവസരങ്ങളും കുറവായിരുന്നു. ആ മേഖലയിൽ അടുത്തറിയാവുന്നർ ആരുമുണ്ടായിരുന്നില്ല. എങ്കിലും സിവിൽ സർവിസ്​ എനിക്ക്​ പറ്റുന്ന മേഖലയാണെന്ന ആത്മവിശ്വാസം ഒരുഘട്ടത്തിൽ കൈവന്നു. ചെറുപ്പംമുതൽ നന്നായി വായിക്കുമായിരുന്നു. സൗത്ത്​ ഇന്ത്യൻ ബാങ്കിലടക്കം ജോലി ചെയ്തപ്പോഴും സിവിൽ സർവിസ്​ മോഹമായിരുന്നു മനസ്സിൽ. പരിശ്രമിച്ചുനോക്കാൻതന്നെ തീരുമാനിച്ചു. ഐ.ആർ.എസും ഐ.പി.എസും ഐ.എ.എസും കിട്ടി. ഞാൻ​ ഐ.എ.എസാണ്​ തെരഞ്ഞെടുത്തത്​. സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ കഴിയുക എന്നത്​ ഏതൊരു​ ഐ.എ.എസുകാരന്‍റെയും ആഗ്രഹമാണ്​. എനിക്ക്​ ആ ഭാഗ്യം ലഭിച്ചു. ഇടുക്കിയിൽ കലക്ടറായി ഇരുന്നപ്പോഴാണ്​ സ്വന്തം ജില്ലയെ കൂടുതൽ അടുത്തറിഞ്ഞത്​. ഒരിക്കലും പോകാത്ത സ്ഥലങ്ങളിൽ പോകാനായി. മുല്ലപ്പെരിയാറടക്കം എല്ലാ ഡാമുകളും സന്ദർശിച്ചു. ഇടുക്കിയെ സംബന്ധിച്ച്​ എക്കാലവും മറക്കാനാകാത്ത ഒന്നാണ്​ 2018​ലെ ​പ്രളയം. 26 വർഷത്തിനുശേഷം ഇടുക്കി അണക്കെട്ട്​ തുറന്നപ്പോൾ ഒരു നിയോഗംപോലെ അതിന്‍റെ പ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിക്കാൻ ഞാനുമുണ്ടായിരുന്നു. ഇടുക്കിയിൽ പ്രളയം സൃഷ്ടിച്ച ആഘാതം പെട്ടെന്ന്​ നീങ്ങുന്നതായിരുന്നില്ല. എല്ലാ നിലയിലും ജില്ല ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. മറ്റ്​ ജില്ലക്കാരെ അപേക്ഷിച്ച്​ പ്രകൃതിദുരന്തങ്ങൾ കണ്ടും നേരിട്ടും പരിചയമുള്ളവരാണ്​ ഇടുക്കിക്കാർ. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം അതേക്കുറിച്ച്​ കൃത്യമായ ധാരണയുണ്ട്​. പ്രകൃതി ദുരന്തങ്ങൾക്ക്​ മുന്നിൽ പകച്ചുനിൽക്കുന്നവരല്ല അവർ. ഈയൊരു ധൈര്യം എല്ലാ കാര്യത്തിലും അവർക്കുണ്ട്​. ഇത്രയും സൗന്ദര്യവും മനോഹാരിതയുമുള്ള ജില്ല വേറെയില്ല. അ​ത്​ തുറന്നുനൽകുന്ന സാധ്യതകൾ അനന്തമാണ്​. എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ സഹകരിക്കുന്നവരാണ്​ ഇടുക്കിക്കാർ. എവിടെ ചെന്നാലും പണിയെടുക്കാൻ മടിയില്ലാത്ത, മണ്ണിനെ സ്​നേഹിക്കുന്നവർ. 50 കൊല്ലത്തിന്‍റേതായ വളർച്ച എല്ലാ മേഖലയിലും ഉണ്ടായി എന്ന്​ പറയാനാവില്ല. എങ്കിലും വരുംനാളുകളിൽ ഇടുക്കി കൂടുതൽ മെച്ചപ്പെട്ട വളർച്ച ​കൈവരിക്കുമെന്നാണ്​ എന്‍റെ പ്രതീക്ഷ. ഇവിടത്തെ ജനങ്ങൾ ഒരേ മനസ്സായി നിന്നാൽ അത്​ കഴിയും. വികസനം ഏത്​ മേഖലയിലായാലും അത്​ ഇടുക്കിയുടെ പരിസ്ഥിതിക്ക്​ യോജിച്ചതാകാൻ ബന്ധപ്പെട്ടവർ മനസ്സുവെക്കണം. (ഇടുക്കി, കാസർകോട്​ കലക്ടർ, കശുവണ്ടി വികസന കോർപറേഷൻ എം.ഡി, സർവേ ഡയറക്ടർ, എക്​സൈസ്​ അഡീഷനൽ കമീഷണർ, ഡെപ്യൂട്ടി ചീഫ്​ ഇലക്​ഷൻ ഓഫിസർ എന്നീ നിലകളിലും ജീവൻ ബാബു സേവനമനുഷ്ഠിച്ചിട്ടുണ്ട്​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.