മലങ്കര ഡാം: ഇടത്-വലത് കര കനാലുകൾ ജലസമൃദ്ധം

മുട്ടം: മലങ്കര ഡാമിന്‍റെ ഇടത്-വലത് കര കനാലുകൾ ജലസമൃദ്ധമായി. ജലസേചനത്തിന്‍റെ ഭാഗമായി ഇടതുകര കനാൽ ജനുവരി 10 മുതലും വലതുകര കനാൽ ബുധനാഴ്ച മുതലും തുറന്ന് ജലം ഒഴുക്കിത്തുടങ്ങി. വലതുകര കനാലിന്‍റെ ഷട്ടർ 60 സെന്‍റിമീറ്റർ മാത്രമാണ് നിലവിൽ ഉയർത്തിയത്. വരുംദിവസങ്ങളിൽ ഘട്ടംഘട്ടമായി കൂടുതൽ ഉയർത്തും. 10ന്​ തുറന്ന ഇടതുകര കനാൽ നിലവിൽ 1.20 മീറ്റർ ഉയർത്തിയ നിലയിലാണ്. പാടങ്ങളിലും മറ്റും വെള്ളം ഇരച്ചുകയറാതിരിക്കാൻവേണ്ടിയാണ് ഘട്ടംഘട്ടമായി തുറക്കുന്നത്. ഇടത്-വലത് കരകളായി 70 കിലോമീറ്ററോളം ദൂരമാണ് മലങ്കര കനാലൊഴുകുന്നത്. പെരുമറ്റം വഴി കോലാനി, മണക്കാട്, അരിക്കുഴ ഭാഗത്തുകൂടി വലത്കര കനാൽ 27 കിലോമീറ്റർ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂർക്കാട് വഴി ഇടതുകര കനാൽ 30 കിലോമീറ്ററിലധികവുമാണ് ഒഴുകുന്നത്. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനുശേഷം പുറന്തള്ളുന്ന ജലമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് മുട്ടം മിനി പവർ ഹൗസിൽ 4.8 മെഗാ വാട്ടോളം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. കനാലിലൂടെ വെള്ളം ഒഴുക്കണമെങ്കിൽ ഡാമിൽ 41 മീറ്റർ വെള്ളം അവശ്യമാണ്​. സാധാരണ ഡിസംബർ ആദ്യവാരത്തോടെ ഇടത്-വലത് കര കനാലുകളിൽ വെള്ളം തുറന്നുവിടാറുള്ളതാണ്. എന്നാൽ, ഇത്തവണ ഡിസംബർ വരെ മഴ കാര്യമായി ലഭിച്ചതിനാലും ശേഷം കനാലുകളുടെ നവീകരണം നടക്കേണ്ടിയിരുന്നതിനാലും തുറക്കൽ നീണ്ടുപോകുകയായിരുന്നു. മഴ മൂലം കനാലുകളിലേക്കുള്ള നീരൊഴുക്ക് നിലക്കാത്തതിനാൽ കോൺക്രീറ്റിങ് ആരംഭിച്ചത് ഡിസംബർ പകുതിക്കുശേഷമാണ്. കടുത്ത ചൂടിൽ വരണ്ടതോടെ കനാലിനെ ആശ്രയിച്ച് കഴിയുന്നവരും കൃഷിക്കാരും ഏറെ വലഞ്ഞുതുടങ്ങിയിരുന്നു. ഇതോടൊപ്പം തെക്കുംഭാഗം, ഇടവെട്ടി, കുമാരമംഗലം പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് നെ‌ട്ടോട്ടമായി. മലങ്കര കനാലിലൂടെ എത്തുന്ന വെള്ളമാണ് കനാലിന് ചുറ്റുപാടും താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളിൽ ഉറവയായി എത്തുന്നത്. സമീപത്തെ ഏക്കറ് കണക്കിന് കൃഷിക്കും കനാലിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. സമീപത്തെ ചെറു തോടുകളും ജല സംഭരണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നതുകൊണ്ടാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.