എന്‍റെ ഇടുക്കി (ലോക്കൽ പേജ്​ കോളം)

ലിജോ മോൾ ജോസ്​ (നടി) ചിത്രം: TDL Lijomol 16 വർഷം പീരുമേട്ടിലാണ്​ ഞങ്ങൾ താമസിച്ചത്. കോടമഞ്ഞും തണുപ്പും മലനിരകളുമുള്ള നാടാണ്​ പീരുമേട്​.​ പി.ജി ചെയ്യുമ്പോഴാണ്​ മഹേഷിന്‍റെ പ്രതികാരത്തിലേക്ക്​ കാസ്റ്റിങ്​ കോൾ ഫേസ്​ബുക്കിൽ വരുന്നത്​. ഒരു രസത്തിന്​ ഫോട്ടോ​ അയച്ചു. പിന്നീട്​ ഓഡിഷന്​ വിളിച്ചു. ​അവിചാരിതമായി സിനിമയിലുമെത്തി. ആദ്യ സിനിമയിൽതന്നെ ജനിച്ചുവളർന്ന നാട്ടുകാരിയായി സോണിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത്​ ഭാഗ്യമായാണ്​ കരുതുന്നത്​. അതിനുശേഷം അഭിനയിച്ച കട്ടപ്പനയിലെ ​ഋത്വിക്​ റോഷനിലെ കനിയും ഇടുക്കിയിൽനിന്നുള്ള കഥാപാത്രമായിരുന്നു​. ഇപ്പോഴും കൂടുതൽ പേരും ഈ കഥാപാത്രങ്ങളെ ഓർക്കുന്നത്​ വലിയ സന്തോഷം നൽകുന്നു. കലോത്സവങ്ങളിൽ ഒന്നും പ​ങ്കെടുത്തിട്ടില്ല. ഇതുവരെയുള്ള ജീവിതത്തിൽ ഏറിയ പങ്കും ഇടുക്കിയിൽതന്നെയാണ്​ താമസിച്ചത്​. അതുകൊണ്ടുതന്നെ എന്‍റെ എല്ലാ ഓർമകളും ഇടുക്കിയുമായി ബന്ധപ്പെട്ട്​ കിടക്കുന്നു​. ഇടുക്കിക്കാർ എല്ലാവരും സൂപ്പറാണ്​. ഇടുക്കിയിൽ പോകാൻ ഏറെ ഇഷ്ടമുള്ള സ്ഥലം പീരുമേടാണ്​. ജയ്​ ഭീമിൽ അഭിനയിക്കാൻ കഴിഞ്ഞത്​ വളരെ സന്തോഷം നൽകുന്ന കാര്യമാണ്​. ബിഗ്​ സ്ക്രീനിൽ കണ്ട്​ മാത്രം പരിചയമുള്ള സൂര്യ സാറടക്കമുള്ള സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചപ്പോൾ ടെൻഷനുണ്ടായിരുന്നു. സെ​ങ്കേനിയായി മാറാൻ ഒരുപാട്​ മുന്നൊരുക്കം നടത്തി. നൂറ്​​ ശതമാനം സെ​ങ്കേനിയായി മാറാൻ ഇരുളർ സമുദായത്തെക്കുറിച്ച്​ പഠിക്കണമായിരുന്നു. ഇരുളർ മക്കളുടെ ജീവിതവും ബുദ്ധിമുട്ടുകളും അവർക്കിടയിൽ പോയി ജീവിച്ച്​ പഠിച്ചു. വലിയ താൽപര്യത്തോടെയാണ്​ ആ സിനിമ ചെയ്​തത്​. ജയ്​ ഭീമിയിൽ അഭിനയിച്ച എല്ലാവരും ബുദ്ധിമുട്ടിയിട്ടുണ്ട്​. കഥാപാത്രത്തോട്​​ നീതിപുലർത്താനാണ്​ അതൊക്കെ ചെയ്തത്​. സിനിമയു​ടെ വിജയവും ഏറെ സന്തോഷം നൽകി. ഇപ്പോൾ കോട്ടയം മുണ്ടക്കയത്താണ്​ താമസം. ബന്ധുക്കൾ ഇടുക്കിയിലുണ്ട്​. ക്രിസ്മസിനും ഓണത്തിനുമൊക്കെ ഞാൻ അവിടെയെത്തും. മഹേഷിന്‍റെ പ്രതികാരം, കട്ടപ്പനയിലെ ​ഋത്വിക്​ റോഷൻ എന്നീ ചിത്രങ്ങൾ പുറത്തുവന്ന​പ്പോൾ പലരും പലയിടത്തും ഇടുക്കിയുടെ മിടുക്കി എന്നൊക്കെ എഴുതിയത്​ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി​. ചില സമയത്ത്​ ചിലരൊക്കെ ഇടുക്കിയിൽ റെയിൽവേ സ്​റ്റേഷനില്ലല്ലോ എന്ന്​ കളിയാക്കി പറയാറുണ്ട്​​​. എന്നാൽ, മൂന്നാറിൽ പണ്ടൊരു റെയിൽവേ ലൈൻ ഉണ്ടായിരുന്നെന്നും അത്​​ ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈനുകളിലൊന്നായിരുന്നെന്നും ഞാൻ അവരെയൊക്കെ തിരുത്താറുണ്ട്​​. അത്​ പറയുമ്പോൾ എനിക്ക്​ അഭിമാനവും തോന്നിയിട്ടുണ്ട്​. ('ജയ്​ ഭീം' സിനിമയിലെ സെ​ങ്കേനിയുടെ വേഷത്തിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ലി​​ജോമോൾ മഹേഷിന്‍റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക്​ റോഷൻ, ഹണീബീ 2.5 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.