വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്​കോളർഷിപ് വൈകുന്നു

തൊടുപുഴ: നഗരസഭയിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക്​ നൽകിവരുന്ന സ്​കോളർഷിപ്​ വൈകുന്നതായി ആക്ഷേപം. 28,500 രൂപയാണ്​ സ്​കോളർഷിപ്​ തുക. നാല്​ ഗഡുക്കളായി നൽകിവന്നിരുന്നുവെങ്കിലും ഇപ്പോൾ മാസങ്ങളായി ലഭിക്കുന്നി​ല്ലെന്നാണ്​ രക്ഷിതാക്കളുടെയടക്കം പരാതി. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ 31 ലക്ഷം ഇതിനായി വകയിരുത്തിയിട്ടുണ്ട്​. 159 ഓളം ഗുണഭോക്താക്കളാണ്​ നഗരസഭ പരിധിയിലുള്ളത്​​. കോവിഡ്​ സാഹചര്യത്തിൽ ഭിന്നശേഷി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക്​ സ്കൂളിൽ പോകുന്നില്ലെങ്കിലും ബത്ത, സ്​കോളർഷിപ്​ അടക്കം മാർഗരേഖ പ്രകാരം മറ്റ്​ ധനസായങ്ങൾ നൽകാമെന്ന്​ സർക്കാർ നിർദേശമുള്ളതാണ്​. കുട്ടികൾ വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക്​ ജോലിക്കും മറ്റും പോകാൻ കഴിയാത്ത സാഹചര്യമാണ്​. കുട്ടികളുടെ തെറാപ്പിക്കും മറ്റുമായി പലരും സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്നുമുണ്ട്​. വീട്ടിലിരിക്കുമ്പോൾ ഓൺലൈനായി പഠനം നടത്തുന്നവരുണ്ട്​. കുട്ടികളുടെ പഠനം, ചികിത്സ എന്നിവക്കൊക്കെ ഈ സ്​കോളർഷിപ് തുക സഹായകമാണെന്നാണ്​ രക്ഷിതാക്കൾ പറയുന്നത്​. സമീപ പഞ്ചായത്തുകളിൽ മൂന്നും നാലും ഗഡുക്കളായി ഈ തുക നൽകുന്നു​ണ്ടെന്നും ഇവർ പറയുന്നു. അതേസമയം 25നകം സ്​കോളർഷിപ്​ നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഗുണഭോക്താക്കളുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധനകൾ പൂർത്തിയായിവരുകയാണെന്നും​ അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.