കാറ്റടിച്ചാൽ കരണ്ട്​​ പോകും; എന്നിട്ടും മുട്ടത്ത്​ സെക്​ഷൻ ഓഫിസ്​ ഇല്ല

മുട്ടം: മുട്ടത്തെ വൈദ്യുതി പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സെക്​ഷൻ ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കാറ്റടിച്ചാൽ മുട്ടത്തെ വൈദ്യുതിബന്ധം നിലക്കും. പുനഃസ്ഥാപിക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തിരിക്കണം. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ലൈനുകളിൽ മരച്ചില്ലകൾ തട്ടി വൈദ്യുതി തടസ്സം പതിവാണ്. മഴക്കാലത്ത് ഇവിടെ മണിക്കൂറുകളും ദിവസങ്ങളും വൈദ്യുതി മുടങ്ങും. തൊടുപുഴ സെക്​ഷൻ ഓഫിസിൽനിന്നും മൂലമറ്റം സെക്​ഷൻ ഓഫിസ്​ പരിധിയിൽനിന്നുമാണ് വൈദ്യുതി എത്തിക്കുന്നത്. 15 കി.മീ. അകലെ നിന്നാണ്​ തകരാർ പരിഹരിക്കാൻ ജീവനക്കാരെത്തേണ്ടത്. ഇതിന് ശ്വാശ്വതപരിഹാരം മുട്ടത്ത് പുതിയ ഓഫിസ് പ്രവർത്തനം ആരംഭിക്കുക എന്നതാണ്. ഒരു സെക്​ഷനുകീഴിൽ വരേണ്ട പ്രദേശത്തിന്‍റെ ചുറ്റളവ് 10 ചതുരശ്ര കി.മീറ്ററും 10,000 ഉപഭോക്താക്കളുമാണ്. എന്നാൽ, മൂലമറ്റത്തിന്​ കീഴിൽ 130 ചതുരശ്ര കി.മീറ്ററിലധികം വിസ്തീർണ്ണവും 17,000ത്തിലധികം ഉപഭോക്താക്കളും ഉണ്ട്. മുട്ടം മുതൽ മുത്തിയുരുണ്ടയർ വരെയും ഈരാറ്റുപേട്ട റൂട്ടിൽ പാണ്ടിയന്മാവ് വരെയും വരുന്നതാണ് മൂലമറ്റം സെക്​ഷൻ പരിധി. ഇവ കൂടുതലും കുന്നുംമലയും നിറഞ്ഞ പ്രദേശവുമാണ്. മൂലമറ്റം സെക്​ഷൻ വിഭജിച്ചാൽ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാം. നിലവിൽ മുട്ടത്ത് ഒരു ഓവർസിയർ ഓഫിസ് മാത്രമാണുള്ളത്. ഒരു ഓവർസിയറുടെയും മൂന്ന് ലൈന്മാന്‍റെയും സഹായം ലഭ്യമാണെങ്കിലും ഇത്​ വൈകീട്ടോടെ അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.