എന്‍റെ ഇടുക്കി (ലോക്കൽ പേജ്​ കോളം)

രജി​നി ചാണ്ടി (നടി) ചിത്രം: TDL Rajini Chandi അഞ്ചാം വയസ്സുമുതൽ എന്‍റെ ഓർമകളിൽ തൊടുപുഴയുണ്ട്​. ഞാൻ വളർന്നതും പഠിച്ചതുമെല്ലാം തൊടുപുഴയിലാണ്​. അപ്പച്ചൻ തൊടുപുഴ സെന്‍റ്​ സെബാസ്റ്റ്യൻസ്​ സ്കൂളിലെ ഹെഡ്​മാസ്റ്ററായിരുന്നു. കോലാനിയിലായിരുന്നു ഞങ്ങളുടെ വീട്​. ചുങ്കം സ്കൂളിലും സെന്‍റ്​​ സെബാസ്റ്റ്യൻസ്​ സ്കൂളിലും ന്യൂമാൻ കോളജിലുമൊക്കെയായിരുന്നു എന്‍റെ പഠനം. അപ്പച്ചൻ കരിമണ്ണൂർ, വാഴക്കുളം എന്നിവിടങ്ങളിലെ സ്കൂളുകളിലും ജോലി ചെയ്തിട്ടുണ്ട്​. 20 വർഷത്തോളം ഞങ്ങൾ തൊടുപുഴയിൽ ജീവിച്ചു. വിവാഹം കഴിഞ്ഞ്​ മുംബൈയിലേക്ക്​ പോയി. ഇപ്പോൾ ആലുവയിലാണ്​ താമസം. അന്നത്തെ തൊടുപുഴ ശാന്തവും പ്രകൃതിസുന്ദരവുമായ സ്ഥലമായിരുന്നു. കോലാനിയിലെ ഞങ്ങളുടെ വീടിന്​ പുറകിലൂടെ ഒരു തോട്​ ഒഴുകിയിരുന്നു. മഴക്കാലത്ത്​ പറമ്പിൽ വെള്ളംകയറും. ഒരിക്കൽ കോഴിക്കൂട്ടിൽ വെള്ളംകയറി കോഴികൾ കൂട്ടത്തോടെ ചത്തത്​ ഓർക്കുന്നു. കോലാനിയിൽനിന്ന്​ ബസിൽ തൊടുപുഴ സ്റ്റാൻഡിലിറങ്ങി കൂട്ടുകാർക്കൊപ്പം ന്യൂമാൻ കോളജിലേക്ക്​ നടന്നാണ്​ പോയിരുന്നത്​. കോളജിൽ പഠിക്കുമ്പോൾ ഒരിക്കൽ ഞങ്ങൾ കുറച്ച്​ കൂട്ടുകാർ നാടക ടിക്കറ്റ്​ വിൽക്കാൻ ഇടുക്കിക്ക്​ പോയി. വീട്ടിൽ പറയാതെയാണ്​ പോയത്​. വീടുകൾ കയറിയിറങ്ങി ടിക്കറ്റ്​ വിറ്റ്​ കഴിഞ്ഞപ്പോൾ തൊടുപുഴക്ക്​ പോകാൻ ബസില്ല. വീട്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ വഴക്ക്​ പറയും. അപ്പച്ചന്‍റെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പിതാവ്​ അവിടെ അന്ന്​ എൻജിനീയറായി ഉണ്ട്​. അപ്പച്ചനെക്കുറിച്ച്​ പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ ജീപ്പിൽ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഇപ്പോഴത്തെ കുട്ടികൾക്ക്​ അങ്ങനെ അപരിചിതമായ ഒരു സാഹചര്യത്തിൽ സുരക്ഷിതരായി യാത്ര ചെയ്യാനാവില്ല. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ പാട്ടിനും ഡാൻസിനും ഫുട്​ബാളിനുമെല്ലാം ചേരുമായിരുന്നു. സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല. 65വസ്സിൽ സിനിമയിലെത്തുമ്പോഴാണ്​ ആദ്യ അഭിനയം. മൂന്നാറൊക്കെ വളരെ ഇഷ്ടമുള്ള സ്ഥലങ്ങളാണ്​. ഇടുക്കി അണക്കെട്ട്​ കാണാൻ പോയിട്ടുണ്ട്​. തേനംകുന്ന്​ സെന്‍റ്​ സെബാസ്റ്റ്യൻ പള്ളിയിൽ അപ്പച്ചന്‍റെയും അമ്മച്ചിയുടെയും കല്ലറയിൽ പ്രാർഥിക്കാൻ കോവിഡിന്​ മുമ്പ്​ വരെ എല്ലാ വർഷവും തൊടുപുഴയിൽ എത്തുമായിരുന്നു. വീട്ടിൽ വളരെ അച്ചടക്കത്തോടെയാണ്​ ഞങ്ങളെ വളർത്തിയിരുന്നത്​. സംതൃപ്തിയും ചിട്ടയുമുള്ളതായിരുന്നു അന്നത്തെ ജീവിതം. ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടില്ല. പക്ഷേ, ആർഭാടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ആ അച്ചടക്കം ഇ​പ്പോഴും പിന്തുടരുന്നു. കാലം ഒരുപാട്​ മാറി. ഇന്ന്​ എന്തെല്ലാമുണ്ടെങ്കിലും ആരും സംതൃപ്തരല്ല. മനുഷ്യർക്കിടയിൽ നല്ല ബന്ധങ്ങൾ ഇല്ലാതായി. അയൽപക്ക ബന്ധങ്ങളും പരസ്പര സ്​നേഹവുമെല്ലാം അന്യമാകുന്നു. ഇതെല്ലാം ഞങ്ങൾക്ക്​ അനുഭവിക്കാൻ കഴിഞ്ഞ, ഒരുപാട്​ നല്ല ഓർമകളുള്ള നാടാണ്​ തൊടുപുഴ. അമ്പതാം ജന്മദിനം ആഘോഷിക്കുന്ന ഇടുക്കിക്ക്​ എന്‍റെ എല്ലാവിധ ആശംസകളും. (ഒരു മുത്തശ്ശി ഗദ, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിൽ​ ശ്രദ്ധേയ അഭിനയം കാഴ്ചവെച്ച നടിയാണ്​ രജിനി ചാണ്ടി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.